ഇന്ത്യന്‍ വിദ്യാര്‍ഥി റോഡില്‍ തനിച്ച്; രക്ഷകരായി ദുബൈ പോലീസ്‌

Posted on: January 30, 2019 9:38 pm | Last updated: January 30, 2019 at 9:38 pm

ദുബൈ: റോഡില്‍ തനിച്ചായി പകച്ചുപോയ അഞ്ചുവയസുകാരന് ദുബൈ പോലീസ് രക്ഷകരായി. ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കുട്ടി പുസ്തക സഞ്ചി തൂക്കി റോഡരികിലൂടെ അലക്ഷ്യമായി നടന്നുപോകുന്നത്കണ്ട പോലീസ് ഉടന്‍ വാഹനം നിര്‍ത്തി കുട്ടിയുടെ അരികിലെത്തി. കുട്ടിയുടെ ബാഡ്ജ് പരിശോധിച്ചപ്പോള്‍ ഏത് സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് മനസിലായി. സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞു.

സ്‌കൂള്‍ വിട്ടശേഷം മറ്റു കുട്ടികളെയല്ലാം കൃത്യസ്ഥലത്ത് ഇറക്കിയെങ്കിലും കിന്‍ഡര്‍ ഗാര്‍ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയെ ബസില്‍ തന്നെ മറന്നുപോവുകയായിരുന്നുവെന്ന് റാശിദിയ്യ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രി. സഈദ് ഹമദ് ബിന്‍ സുലൈമാന്‍ അല്‍ മാലിക് പറഞ്ഞു.

കുട്ടിയെ പിന്നീട് റാശിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി മാതാപിതാക്കളെ ക്ഷണിച്ചുവരുത്തുകയായിരുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈ പോലീസ് സ്‌കൂള്‍ സുരക്ഷ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അഞ്ചു വയസുകാരന്റെ സുരക്ഷയില്‍ വീഴ്ച വരുത്തിയ സ്‌കൂള്‍ ബസ് സൂപ്പര്‍വൈസര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബ്രി. അല്‍ മാലിക് പറഞ്ഞു.