ഷാനവാസിന്റെ മകള്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല; അക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡ്: മുല്ലപ്പള്ളി

Posted on: January 30, 2019 7:39 pm | Last updated: January 30, 2019 at 9:16 pm

കോഴിക്കോട്: അന്തരിച്ച വയനാട് എംപി എംഐ ഷാനവാസിന്റെ മകള്‍ മത്സരിക്കാന്‍ ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സീറ്റ് ആവശ്യപ്പെട്ടാല്‍ മറുപടി പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. ഷാനവാസിന്റെ മകള്‍ അമീനക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ എതിര്‍പ്പുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് രംഗത്തെത്തിയിരുന്നു. അമീനയെ ആദ്യം പാര്‍ട്ടിയിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും ലോക്‌സഭാ സ്ഥാനാര്‍ഥിത്വത്തിലേക്കല്ലെന്നും അഭിജിത്ത് അഭിപ്രായപ്പെട്ടിരുന്നു.കോണ്‍ഗ്രസ് അധ്യക്ഷനും എഐസിസി ജനറല്‍ സെക്രട്ടറിക്കും ഇക്കാര്യമറിയിച്ച് കത്തയക്കുമെന്നും അഭിജിത്ത് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രസ്താവന പിന്നീട് ഷാനാവാസിന്റെ മകള്‍ നടത്തിയിരുന്നു. ഇതിന് പിറകെയാണ് എതിര്‍പ്പുമായി കെഎസ്‌യു രംഗത്തെത്തിയത്.