വാതുവെപ്പു കേസില്‍ പങ്കില്ലെന്നും മര്‍ദിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും ശ്രീശാന്ത്; പെരുമാറ്റം മോശമായിരുന്നില്ലേയെന്ന് കോടതി

Posted on: January 30, 2019 4:44 pm | Last updated: January 30, 2019 at 7:29 pm

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പു കേസില്‍ ലഭിച്ച ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനേ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഹരജി നല്‍കാനാകൂവെന്ന് സുപ്രീം കോടതി. ബി സി സി ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനായി ശ്രീശാന്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ അശോക് ഭൂഷണിന്റെയും കെ എം ജോസഫിന്റെയും ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ തനിക്കു പങ്കില്ലെന്നും പോലീസ് മര്‍ദിച്ചതു കൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും കോടതിയുടെ ചോദ്യത്തിനു ശ്രീശാന്ത് മറുപടി നല്‍കി. കൂടുതല്‍ പണം കൈയില്‍ കരുതിയത് എന്തിനായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ അനാഥാലയത്തിനു നല്‍കാനായിരുന്നുവെന്നായിരുന്നു മറുപടി. ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നുവെന്ന നിരീക്ഷണവും കോടതി നടത്തി.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും അതിന് സമയം അനുവദിക്കണമെന്നുമുള്ള ശ്രീശാന്തിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് കോടതി കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

2013ല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ നടന്ന ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിനും മറ്റും ബി സി സി ഐ വിലക്കേര്‍പ്പെടുത്തിയത്. കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബി സി സി ഐ തയാറായില്ല. പിന്നീട് ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ നിന്ന് ശ്രീശാന്ത് അനുകൂല വിധി സമ്പാദിച്ചെങ്കിലും ബി സി സി ഐ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബഞ്ച് വിലക്ക് നിലനിര്‍ത്തി. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.