കോണ്‍ഗ്രസ് അങ്കം കുറിച്ചു; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും

Posted on: January 30, 2019 8:52 am | Last updated: January 30, 2019 at 11:28 am

കൊച്ചി: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എക്കാലത്തും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വിവാദങ്ങളും അനിശ്ചിതത്വങ്ങളും പതിവാണെങ്കിലും ഇക്കുറി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള പരമാവധി സീറ്റ് ലക്ഷ്യമിട്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയം ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി നേരത്തെ പ്രചാരണം ശക്തമാക്കാനാണ് ദേശീയ നേതൃത്വം താത്പര്യപ്പെടുന്നത്.

അടുത്തമാസം അവസാനവാരത്തോടെ ഒദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ഓരോ സംസ്ഥാന ഘടകത്തോടും പ്രാദേശിക തലത്തില്‍ മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരമുള്ള പട്ടിക തയ്യാറായെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചുള്ള ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. ഒരു സീറ്റില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പേരുള്ള പട്ടികയാണ് നിലവില്‍ സംസ്ഥാനഘടകം തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന.

2014ല്‍ യു ഡി എഫ് ആകെയുള്ള 20 സീറ്റില്‍ 12 എണ്ണത്തിലാണ് വിജയിച്ചിരുന്നത്. ഇതില്‍ എട്ടെണ്ണം കോണ്‍ഗ്രസിന്റേതും രണ്ടെണ്ണം മുസ്‌ലിം ലീഗിന്റേതും ഓരോന്ന് വീതം ആര്‍ എസ് പിയുടേതും കേരളാ കോണ്‍ഗ്രസിന്റേതുമായിരുന്നു. ഇത്തവണ കേരളാ കോണ്‍ഗ്രസും മുസ്‌ലിം ലീഗും കൂടുതല്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചിയില്‍ യു ഡി എഫിലെ ഘടകകഷി നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് കൂടുതല്‍ സീറ്റെന്ന അവകാശവാദം ലീഗും കേരളാകോണ്‍ഗ്രസും ഉന്നയിച്ചത്. സീറ്റ് ആവശ്യപ്പെടുക സ്വാഭാവികമാണെന്നും എന്നാല്‍, സീറ്റ് വിഭജനം കേരളത്തിലെ യുഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്നീട് പറഞ്ഞു. ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തിയതായി കെ എം മാണിയും മാധ്യമങ്ങളോട് പറഞ്ഞു. ഏതൊക്കെ സീറ്റുകളാണെന്നതില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും മാണി വ്യക്തമാക്കി. സീറ്റിന്റെ കാര്യം ശക്തമായി ഉന്നയിച്ചുവെന്ന് പാര്‍ട്ടി നേതാവായ പി ജെ ജോസഫും വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായുള്ള യോഗത്തില്‍ സീറ്റിന്റെ കാര്യം ഉന്നയിച്ചത് പി ജെ ജോസഫാണ്.

അധിക സീറ്റ് ഘടകക്ഷികള്‍ ആവശ്യപ്പെട്ട കാര്യം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. സീറ്റ് ആവശ്യം യു ഡി എഫില്‍ ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായും എന്നാല്‍, സീറ്റ് സംബന്ധിച്ച് ഒരുറപ്പും ആര്‍ക്കും രാഹുല്‍ ഗാന്ധി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിലവില്‍ സിറ്റിംഗ് എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, ശശി തരൂര്‍, ആന്റോ ആന്റണി, എന്നിവര്‍ക്ക് ഇത്തവണയും സീറ്റ് ലഭിച്ചേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്്. ജോസ് കെ മാണി രാജ്യസഭയിലേക്ക് മത്സരിച്ചതിനാല്‍ കോട്ടയം മണ്ഡലത്തിലും എം പി ഷാനവാസിന്റെ നിര്യാണം മൂലം ഒഴിവു വന്ന വയനാട് മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ച ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

അതേസമയം, ഉമ്മന്‍ ചാണ്ടിയെ ഇത്തവണ മത്സരിപ്പിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള ഘടകങ്ങളില്‍ നിന്നടക്കം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാഹുല്‍ പങ്കെടുത്ത ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ആവേശപൂര്‍വ്വമാണ് വരവേറ്റത്. പ്രസംഗിക്കുമ്പോഴും അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോഴും മറ്റു നേതാക്കള്‍ക്കൊന്നും കിട്ടാത്തത്ര കരഘോഷമാണുണ്ടായത്. അതേസമയം ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായത്തിന് ശേഷം തീരുമാനം ഉമ്മന്‍ ചാണ്ടിക്കു തന്നെ വിടും. മത്സരിക്കേണ്ട സാഹചര്യം വന്നാല്‍ കോട്ടയത്തോ ഇടുക്കിയിലോ ആയിരിക്കും കളമൊരുങ്ങുക.