Connect with us

Editorial

ഹര്‍ത്താല്‍ പാടേ നിരോധിക്കണം

Published

|

Last Updated

ഹര്‍ത്താലായിരുന്നു തിങ്കളാഴ്ച ചോദ്യോത്തര വേളയില്‍ നിയമ സഭയിലെ മുഖ്യചര്‍ച്ച. അനാവശ്യ ഹര്‍ത്താലുകള്‍ തടയുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പ്രതിപക്ഷം സഹകരിക്കുമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി സഭയെ അറിയിക്കുകയുണ്ടായി. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന കാര്യത്തില്‍ സഭയില്‍ ഏക അഭിപ്രായമാണെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ അവതരിപ്പിച്ചു പാസാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിരന്തരമുള്ള ഹര്‍ത്താലുകള്‍ കേരളത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നതായി റിപ്പബഌക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പി സദാശിവവും ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാനത്തുണ്ടായ തുടര്‍ച്ചയായ ഹര്‍ത്താലുകളാണ് ഇപ്പോള്‍ രാഷ്ട്രീയ, സാമൂഹിക തലങ്ങളില്‍ ഹര്‍ത്താല്‍ വിരുദ്ധ ചിന്ത ഉണര്‍ത്തിവിട്ടത്. സഞ്ചാര സ്വാതന്ത്ര്യം, സമാധാന ജീവിതം തുടങ്ങി പൗരസ്വാതന്ത്ര്യം ഹനിക്കുന്ന ഈ ജനാധിപത്യവിരുദ്ധ സമരമുറ പാടേ നിരോധിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ആ നിലയിലുള്ള ചര്‍ച്ചയല്ല നിയമസഭയിലുണ്ടായത്. ഭാഗികമായി അഥവാ അനാവശ്യ ഹര്‍ത്താലുകള്‍ നിരോധിക്കുന്നതിനെക്കുറിച്ചായിരുന്നു. ഒരു സമര മാര്‍ഗമെന്ന നിലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഭാഗികമായ നിരോധം കൊണ്ട് ഉദ്ദേശിച്ച ഫലപ്രാപ്തി ഉണ്ടാകുമോ? എങ്ങനെയാണ് ഒരു ഹര്‍ത്താല്‍ ആവശ്യമാണോ അനാവശ്യമാണോ എന്നു തീരുമാനിക്കുന്നത്? ഇക്കാര്യത്തില്‍ യോജിച്ച ഒരു തീരുമാനം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അസാധ്യമാണ്. ഒരു കക്ഷിയോ മുന്നണിയോ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അനാവശ്യമായിരിക്കാം. പ്രഖ്യാപിച്ചവരുടെ ഭാഷയില്‍ അത് അനിവാര്യമായിരിക്കും.

ഹര്‍ത്താല്‍ ഭരണഘടനാപരമാണെന്ന 2015-ലെ സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടികള്‍ അതിനെ ന്യായീകരിക്കുന്നത്. കോടതി അംഗീകരിച്ച ഹര്‍ത്താലും ഇന്ന് നടന്നു വരുന്നതും അജഗജാന്തരമുണ്ട്. പ്രതിഷേധ ദുഃഖസൂചകമായി കടകളും വ്യാപാര സ്ഥാപനങ്ങളും തൊഴില്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം അടച്ചിടുന്ന ഹര്‍ത്താലിനെയാണ് ഭരണഘടന അനുകൂലിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി നടത്തിയ ഹര്‍ത്താല്‍ ഈ രീതിയിലായിരുന്നു. വഴി തടയലും ഭീഷണിപ്പെടുത്തലും അതിന്റെ ഭാഗമായിരുന്നില്ല. ഇപ്പോള്‍ കടകളടക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തുകയും ചെയ്യുന്നത് ഹര്‍ത്താലിനോടുള്ള ആഭിമുഖ്യം കൊണ്ടല്ല. അക്രമ ഭയം മൂലം ജനം നിര്‍ബന്ധിതരാവുകയാണ്. അഥവാ ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളോ പൊതുവാഹനങ്ങളോ ഹര്‍ത്താലുമായി സഹകരിച്ചില്ലെങ്കില്‍ കടകളും വാഹനങ്ങളും തച്ചുതകര്‍ക്കും. കോടതി നിരോധിച്ച ബന്ദിന്റെ പുതിയ പതിപ്പാണിന്ന് ഹര്‍ത്താല്‍. എങ്ങനെയാണ് ഇതിനെ ജനാധിപത്യ സമരമെന്ന് വിശേഷിപ്പിക്കുക? സമരവുമായി സഹകരിക്കാത്തവര്‍ക്ക് കടകള്‍ തുറക്കാനും വാഹനങ്ങള്‍ ഓടിക്കാനും ഓഫീസുകളില്‍ ചെന്നു ജോലി ചെയ്യാനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന തരത്തില്‍, സമ്മര്‍ദ തന്ത്രങ്ങളൊന്നും പ്രയോഗിക്കാതെ നടത്തിയെങ്കില്‍ മാത്രമേ ഹര്‍ത്താലിന് ജനാധിപത്യ സ്വഭാവം കൈവരികയുള്ളൂ.

ജനജീവിതം സ്തംഭിപ്പിക്കുന്നതിന് പുറമെ നാടിനും കനത്ത നാശനഷ്ടമാണ് ഹര്‍ത്താല്‍ വരുത്തിവെക്കുന്നത്. കേരളത്തിന്റെ ശരാശരി കച്ചവടം ദിനം പ്രതി 15,000-20,000 കോടി രൂപക്കിടെയാണെന്നാണ് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നല്‍കുന്ന കണക്ക്. ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് ഇത്രയും രൂപയുടെ ക്രയവിക്രയങ്ങള്‍ നിലക്കുമ്പോള്‍ നികുതി ഇനത്തില്‍ കോടികളുടെ വരുമാനം നഷ്ടമാവുകയാണ്. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാരമേഖലയിലെയും മറ്റും നഷ്ടങ്ങളും ഭീമമാണ്. മറ്റു പല സംസ്ഥാനങ്ങളും സ്വദേശത്തു നിന്നും വിദേശത്തു നിന്നും വന്‍ തോതില്‍ നിക്ഷേപകരെ ആകര്‍ഷിക്കുമ്പോള്‍, ലാഭകരമായ പദ്ധതികളില്‍ പോലും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ഇത്തരം സമരമുറകള്‍ കാരണമാണ്. എത്രയെത്ര രോഗികളും യാത്രക്കാരുമാണ് ഇതു മൂലം കഷ്ടപ്പെടുന്നത്. പത്രം, പാല്‍, ആശുപത്രി തുടങ്ങി ചില മേഖലകളെ ഒഴിവാക്കാറുണ്ട്. എന്നാല്‍, യാത്രയും തൊഴിലും നിത്യജീവിതത്തില്‍ ആവശ്യമില്ലാത്തതാണോ? അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാതെ നട്ടം തിരിയുന്നവര്‍ അതിന് കാരണക്കാരായ ഹര്‍ത്താല്‍ ആഹ്വാനക്കാരെ നെഞ്ചുരുകി ശപിക്കാതിരിക്കില്ല.

ജനങ്ങളെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലുകള്‍ കൊണ്ട് ആരെങ്കിലും ലക്ഷ്യം നേടിയിട്ടുണ്ടോ? ഈ സമരരീതി പാടേ ഉപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കാലഘട്ടത്തിന് അനുയോജ്യമായ സമരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യ ഏറെ വളര്‍ന്ന ഇന്നത്തെ കാലത്ത് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും പിന്തുണ തേടലിനും നയരൂപവത്കരണത്തിനും പുതിയവഴികള്‍ എന്തെല്ലാമുണ്ട്. എന്നിട്ടും സാക്ഷരതയിലും സാമൂഹികാവബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളം ഹര്‍ത്താല്‍ പോലെയുള്ള ജനദ്രോഹ സമര രീതികള്‍ തുടരേണ്ടതുണ്ടോ? ഹര്‍ത്താല്‍ ഭാഗികമായി നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളല്ല നമുക്കാവശ്യം. പൂര്‍ണ നിരോധത്തെക്കുറിച്ചാണ്.

---- facebook comment plugin here -----