പാക് ചരിത്രത്തില്‍ ആദ്യമായി ഹിന്ദു വനിത സിവില്‍ ജഡ്ജി

Posted on: January 29, 2019 10:25 pm | Last updated: January 29, 2019 at 10:25 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദുവനിത സിവില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. ഖംബര്‍ ഷഹ്ദാകോട്ടില്‍ നിന്നുള്ള സുമന്‍ കുമാരിയാണ് ഈ വനിതയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദില്‍ നിന്നാണ് സുമന്‍ കുമാരി എല്‍ എല്‍ ബി വിജയിച്ചിരുന്നത്. ഇതിന് ശേഷം കറാച്ചിയിലെ സാബിസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി.

ഖംബര്‍ ഷഹ്ദാകോട്ടിലെ സാധാരണക്കാരായ പാവപ്പെട്ട ജനങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കാനാണ് മകളുടെ താത്പര്യമെന്ന് സുമന്‍ കുമാരിയുടെ കണ്ണ് ഡോക്ടറായ പിതാവ് ദി ഡൗണ്‍ പത്രത്തിനോട് പറഞ്ഞു.

സുമന്‍ കുമാരിയുടെ മറ്റൊരു സഹോദരി സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. വെറൊരു സഹോദരി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാണ്. ഇതിന് മുമ്പ് ഹിന്ദു സമുദായത്തില്‍ നിന്നുള്ളവര്‍ പാക്കിസ്ഥാനില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടിരുന്നു. 2005 മുതല്‍ 2007 വരെ ആക്ടിംഗ് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് റാണ ബഗ്‌വന്‍ദാസ് നിയമിതിനായിട്ടുണ്ട്. പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനമാണ് ഹിന്ദുക്കള്‍.