സഊദിയില്‍ പ്രഥമ ഗ്ലോബല്‍ വില്ലേജ് ഫെബ്രുവരി 28 മുതല്‍

Posted on: January 28, 2019 6:36 pm | Last updated: January 28, 2019 at 6:36 pm

ജിദ്ദ: സഊദിയില്‍ വിവിധ രാജ്യങ്ങളുടെ കലയും സാംസ്‌കാരവും അടുത്തറിയാനായി ആഗോള ഗ്രാമം 2019
ജിദ്ദയിലെ അദല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും.

ലോകത്തിലെ തിരഞ്ഞെടുത്ത അമ്പത് രാജ്യങ്ങളുടെ പ്രതിനിധ്യമാണ് ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടാകുക. വിവിധ രാജ്യങ്ങളുടെ കലയും സാംസ്‌കാരവും അടുത്തറിയാനും മറ്റുമായി വിവിധ വിനോദ പരിപാടികളും പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിലേക്ക് വൈകിട്ട് അഞ്ച് മുതല്‍ അര്‍ധരാത്രി വരെയാണ് പ്രവേശനം.

സഊദിയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഗ്ലോബല്‍ വില്ലേജിലേക്ക് പത്ത് ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരായ ഇന്റര്‍നാഷനല്‍ ഇമേജ് ഡയറക്ടര്‍ ജനറല്‍ സൂസന്‍ ഇസ്‌കന്ദര്‍ പറഞ്ഞു.
45,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഗ്ലോബല്‍ വില്ലേജ് ഒരുക്കുന്നത്. ഗ്ലോബല്‍ വില്ലേജ് മാര്‍ച്ച് 29 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അറേബ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പവിലിയനുകള്‍ ഗ്ലോബല്‍ വില്ലേജിലുണ്ടാവും. തനത് കലകള്‍ക്കാണ് ഇത്തവണ മേളയില്‍ മുന്‍ഗണന.