സ്‌കൂള്‍ ബസ് ഓവുചാലിലേക്കു മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരുക്ക്; മൂന്നു പേരുടെ നില ഗുരുതരം

Posted on: January 28, 2019 1:22 pm | Last updated: January 28, 2019 at 1:22 pm

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ട് നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവരെ മച്ചര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെയാണ് കൃഷ്ണവേണി ടാലന്റ് സ്‌കൂളിലെ ബസ് അപകടത്തില്‍ പെട്ടത്. മണ്ടാടി, ഉപ്പലപടു ഗ്രാമങ്ങളില്‍ നിന്നുള്ള  52 വിദ്യാര്‍ഥികളുമായി വേല്‍ദുര്‍ത്തിയിലെ സ്‌കൂളിലേക്കു പോവുകയായിരുന്ന ബസ് ശ്രീസൈലം-മച്ചര്‍ല ദേശീയപാതയില്‍ വച്ച് ഓവുചാലിലേക്കു മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു വളവു തിരിയുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്കു നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.