പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചു; വന്ദേ ഭാരത് എക്‌സ്പ്രസ്

Posted on: January 27, 2019 10:55 pm | Last updated: January 28, 2019 at 10:25 am

ന്യൂഡല്‍ഹി: പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയുടെ വേഗമേറിയ പുതിയ ട്രെയിന്‍ (ട്രെയിന്‍ 18) സര്‍വീസ് നടത്തുക വന്ദേ ഭാരത് എക്‌സ്പ്രസ് എന്ന പേരിലായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഡല്‍ഹി-വാരണസി റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനില്ലാതെ ഓടുന്ന ആദ്യ ട്രെയിന്‍ കൂടിയാണിത്. ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടിക്കുക.

കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ രൂപം കൊടുത്ത ട്രെയിനിന്റെ പേര് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കുള്ള റിപ്പബ്ലിക് സമ്മാനമാണ് പുതിയ ട്രെയിനെന്നും സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പ്രധാന മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി പറഞ്ഞു. ലോകനിലവാരമുള്ള ട്രെയിനുകള്‍ നിര്‍മിക്കാന്‍ രാജ്യത്തിനു കഴിയുമെന്നതിന്റെ തെളിവാണ് വന്ദേ ഭാരത് എക്‌സ്പ്രസ് എന്നും അദ്ദേഹം പ്രസ്താവിച്ചു.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍ 97 കോടി രൂപ ചെലവഴിച്ചാണ് 18 മാസം കൊണ്ട് പുതിയ ട്രെയിന്‍ നിര്‍മിച്ചത്. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററാണ് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിനിന്റെ വേഗം.