ഇതെന്തു തരം നിയമവാഴ്ചയാണ്, എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ?

Posted on: January 27, 2019 9:30 am | Last updated: January 27, 2019 at 12:28 pm

ബാലികയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ സിപിഎമ്മുകാരെ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെത്തേടിയാണ് ആ ഐപിഎസ് ഉദ്യോഗസ്ഥക്ക് സംസ്ഥാന ഭരണകക്ഷിയുടെ പ്രാദേശിക ഓഫീസിലേക്ക് സെര്‍ച്ച് വാറണ്ടുമായി ചെല്ലേണ്ടി വന്നത്. കര്‍ത്തവ്യ നിര്‍വ്വഹണത്തോടുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമേ സാധാരണ ഗതിയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥ ഇങ്ങനെയൊരു നടപടിക്ക് മുതിരുകയുള്ളൂ. പ്രതികളെ അവിടെ ഒളിപ്പിച്ചിട്ടുണ്ടാവുമെന്ന് അവര്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരിക്കണം. പോലീസിലെ ഒറ്റുകാരെ വച്ച് ആ ദൗത്യം പരാജയപ്പെടുത്തിയെന്നത് മാത്രമല്ല, പോലീസ് മേധാവിയും പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാല്‍ മുഖ്യമന്ത്രിയും ചേര്‍ന്ന് നേരിട്ട് ആ ഉദ്യോഗസ്ഥയെ വിളിച്ച് താക്കീത് ചെയ്യുന്നു, ഉടനടി സ്ഥാനത്തു നിന്ന് ഒഴിവാക്കുന്നു എന്നുകൂടിപ്പറഞ്ഞാല്‍ ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍ ലോകനാഥ് ബഹ്‌റ ടീമിന്റെ പോലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. ഡയറക്റ്റ് ഐപിഎസുകാരെ വേട്ടയാടി മനോവീര്യം തകര്‍ക്കുക എന്നതാണ് സിപിഎം ഭരണം വന്നതുമുതല്‍ ഇവിടത്തെ രീതി.

എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെ? വി ടി ബല്‍റാം ഫേസ്ബുക്കില്‍ മറ്റാരുടേയെങ്കിലും പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി ‘ബാലകറാം’ ആക്കി മാറ്റാന്‍ നടന്നവരൊക്കെ ഇപ്പോള്‍ പു ക സ നല്‍കിയ ഏതോ പൊന്നാടയില്‍ നട്ടെല്ല് മൂടിപ്പുതപ്പിച്ച് വച്ചിരിക്കുകയാണ് എന്ന് തോന്നുന്നു.