Connect with us

Kozhikode

ലോട്മാനും ഇലൗനിയും കാലിക്കറ്റ് ഹീറോസിന്റ ഹീറോകള്‍

Published

|

Last Updated

ലോട്മാനും ഇലൗനിയും

കോഴിക്കോട്: രണ്ട് വിദേശതാരങ്ങളുള്‍പ്പെടെ രാജ്യത്തെ ആദ്യ പ്രോ വോളിബോള്‍ ലീഗ് സീസണില്‍ മാറ്റുരക്കാന്‍ കാലിക്കറ്റ് ഹീറോസ് ഒരുങ്ങി. ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടീമിനെയാണ് കാലിക്കറ്റ് ഹീറോസ് അണിനിരത്തുന്നത്. യു എസ് ദേശീയ ടീം അംഗവും ഇന്തോനേഷ്യയിലെ ലോകപ്രശസ്ത ക്ലബ്ബായ ജക്കാര്‍ത്ത ബി എന്‍ ഐ ടാപ്ലസിന്റെ മുന്‍നിര കളിക്കാരനും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള താരവുമായ പോള്‍ ലോട്മാന്‍, ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള ഇലൗനി എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍. ഇവര്‍ക്ക് പുറമെ രണ്ട് അണ്ടര്‍ 21 ദേശീയ താരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയെ ബ്രിക്‌സ് 2018ല്‍ പ്രതിനിധീകരിച്ചിട്ടുള്ള അണ്ടര്‍ 21 ടീമംഗം കൂടിയായ ഹരിയാനയില്‍ നിന്നുള്ള ഗഗന്‍ കുമാറാണ് കാലിക്കറ്റ് ഹീറോസിന്റെ പ്രധാന അറ്റാക്കര്‍മാരിലൊരാള്‍. ഇടംകൈയന്‍ ആക്രമണങ്ങളിലൂടെ പ്രസിദ്ധനായ സര്‍വീസസ് താരം നവീന്‍ കുമാര്‍, ദേശീയ വോളിബോള്‍ ക്യാമ്പുകളില്‍ നിന്ന് നേടിയിട്ടുള്ള പരിചയ സമ്പത്തുമായാണ് കോര്‍ട്ടിലിറങ്ങുക. പരമാവധി വായുവില്‍ നില്‍ക്കാനുള്ള കഴിവിലൂടെ ഹൈഡ്രജന്‍ ബോയ് എന്ന പേര് നേടിയ ദേശീയ ടീമിലെ അറ്റാക്കര്‍ അജിത് ലാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള റെയില്‍വേസ് താരം വിപുല്‍ കുമാര്‍ തുടങ്ങിയവരും ടീമിലുണ്ട്.

തമിഴ്‌നാടിന്റെ ബ്ലോക്കര്‍ കര്‍ണാടകയില്‍ നിന്നുള്ള മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ, നാഷനല്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്ന ജെറോം വിനീത് ചാള്‍സ്, തമിഴാനാട്ടില്‍ നിന്നുള്ള ബ്ലോക്കര്‍ സഞ്ജയ് ആന്റണി, ശക്തമായ പാസുകള്‍ക്കും സ്മാഷുകള്‍ക്കും പ്രസിദ്ധനായ സഞ്ജയ് ആന്റണി തുടങ്ങിയവരും ടീമിലുണ്ട്. ജമ്മു കാശ്മീര്‍ പോലീസ് ടീം കോച്ചായിരുന്ന സജ്ജാദ് ഹുസൈന്‍ മാലികാണ് കാലിക്കറ്റ് ഹീറോസിന്റെ പരിശീലകന്‍. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബ്ലോക്കര്‍മാരിലൊരാളും നാല്‍പ്പതാം വയസ്സിലും മികച്ച ഫിറ്റ്‌നസ്സോടെ കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന താരവുമായ ബി പി സി എല്‍ ടീമംഗം കിഷോര്‍ കുമാര്‍ ഇ കെയാണ് ടീമിന്റെ മെന്റര്‍.

ഫെബ്രുവരി രണ്ടിന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാജ്യത്തെ ആദ്യ പ്രോ വോളിബോള്‍ ലീഗിന് തുടക്കമാകുക. കൊച്ചിയിലും ചെന്നൈയിലുമായാണ് മത്സരങ്ങള്‍. കാലിക്കറ്റ് ഹീറോസിന് പുറമെ കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ മാറ്റുരക്കും. പന്ത്രണ്ടംഗ ടീമുകളില്‍ രണ്ട് വിദേശ കളിക്കാരും രണ്ട് അണ്ടര്‍ 21 ദേശീയ ടീമംഗങ്ങളുമുണ്ടാകും. സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോള്‍ രാജ്യമെങ്ങും അതിന്റെ ആവേശം തിരിച്ചു പിടിച്ചപോലെ രാജ്യത്ത് ഇതാദ്യമായി ആരംഭിക്കുന്ന പ്രോ വോളിബോളിലൂടെ കേരളത്തിന്റേയും മലബാറിന്റേയും ഈ പ്രിയങ്കരമായ വിനോദവും വന്‍മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാകുമെന്ന് മലബാര്‍ ഹീറോസ് ടീമംഗങ്ങളെ അവതരിപ്പിച്ച് സംസാരിച്ച ക്ലബ് ഉടമ ബീക്കണ്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സഫീര്‍ പി ടി പറഞ്ഞു. മാച്ചുകള്‍ സോണി സിക്‌സ്, സോണി ടെന്‍ ത്രീ ചാനലുകള്‍ സംപ്രേഷണം ചെയ്യും. സോണി ലൈവ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടാകും.

Latest