Connect with us

Techno

കൗതുകമുണര്‍ത്തുന്ന കണ്ടെത്തലുകളുമായി ആത്മമിത്രങ്ങള്‍; യൂടൂബിലൂടെ നേടുന്നത് ലക്ഷങ്ങള്‍

Published

|

Last Updated

ജിയോ ജോസഫും പ്രവീണ്‍ ജോസഫും

തിരൂര്‍: ആര്‍ക്കും മനസ്സിലാകുന്ന ലളിതമായ നാടന്‍ ശൈലിയിലുള്ള അവതരണം. ആരിലും കൗതുകം ജനിപ്പിക്കുന്ന കണ്ടെത്തലുകള്‍. സാധാരണക്കാര്‍ക്കും ആവശ്യമുള്ള ഒട്ടേറെ വിവരണങ്ങള്‍… തൃശൂര്‍ സ്വദേശികളായ ആത്മമിത്രങ്ങളുടെ യൂടൂബിലെ ജൈത്രയാത്ര ആരെയും അമ്പരപ്പിക്കുന്നതാണ്.

കൂണുപോലെ മണിക്കൂറുകളില്‍ പൊട്ടിമുളക്കുന്ന അനേകം ചാനലുകളില്‍ നിന്ന് ഇവരുടെ എം ഫോര്‍ ടെക് എന്ന ചാനല്‍ വ്യത്യസ്തമാകുന്നതും അവതരണത്തിലെയും ഉള്ളടക്കത്തിലെയും ഈ വ്യതിരിക്തത കൊണ്ടുതന്നെയാണ്. ജിയോ ജോസഫ്, പ്രവീണ്‍ ജോസഫ് കൂട്ടുകാരുടെ പുതിയ വീഡിയോക്കായി കാത്തിരിക്കുന്നത് ആയിരമോ രണ്ടായിരമോ പേരല്ല, ഇപ്പോള്‍ പത്ത് ലക്ഷത്തോളം പേരാണ് എം ഫോര്‍ ടെക് ചാനലിന്റെ വരിക്കാര്‍.

പോളിടെക്‌നിക് കഴിഞ്ഞ ജിയോ ജോസഫിന് ഖത്തറില്‍ ജോലി കിട്ടിയതാണ്. കൂട്ടുകാരനും ക്യാമറ കമ്പക്കാരനുമായ പ്രവീണിന്റെ ഈ ചാനല്‍ ഐഡിയ പുള്ളിക്ക് നന്നായി ഏറ്റു. ഖത്തറിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി രണ്ട് പേരും കൂടി അങ്ങ് ഇറങ്ങി. ക്യാമറ പ്രവീണ്‍ കൈകാര്യം ചെയ്യുമ്പോള്‍ അവതരണം ജിയോ നിര്‍വഹിക്കും.

കുഞ്ഞന്‍ റോബോട്ടുകള്‍, പറക്കും തളിക, ഹെലികോപ്റ്റര്‍ തുടങ്ങി കുട്ടികളുടെ കളിക്കോപ്പുകളുടെ നിര്‍മാണം, ടാങ്കിലെ ചളി എളുപ്പത്തില്‍ ക്ലീന്‍ ചെയ്യല്‍, പഴയ കുട ഉപയോഗിച്ച് മീന്‍പിടിത്തം തുടങ്ങിയവ മുതല്‍ പുതിയതരം വിഭവങ്ങളുടെ പാചകവും. അങ്ങനെ നിരവധി വീഡിയോകളാണ് ഇതിനകം ഇവരുടെ ചാനല്‍ വഴി ലോകം കണ്ടത്. ചാനല്‍ ഹിറ്റായതോടെ വരുമാനവും കൂടി. ഇപ്പോള്‍ മാസത്തില്‍ രണ്ട് ലക്ഷത്തോളം രൂപ തങ്ങള്‍ക്ക് ലഭിക്കുന്നതായി ഇരുവരും അവകാശപ്പെടുന്നു. പല കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനായി സമീപിക്കാറുണ്ടെങ്കിലും വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നമുണ്ടാകുമെന്നതിനാല്‍ തങ്ങള്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ മാത്രമേ ഇവര്‍ പരിചയപ്പെടുത്തുന്നുള്ളൂ.

---- facebook comment plugin here -----

Latest