വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധര്‍മവിപ്ലവാരവം മുഴക്കി എസ് എസ് എഫ് ഹിന്ദ് സഫര്‍

Posted on: January 25, 2019 4:06 pm | Last updated: January 25, 2019 at 4:24 pm
ഹിന്ദ് സഫര്‍ യാത്രക്ക് അസാം സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണം

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ധാര്‍മിക വിദ്യാര്‍ഥി പ്രസ്ഥാനമായ എസ് എസ് എഫ് ഈമാസം 10ന് കശ്മീരിലെ ഹസ്‌റത്ത് ബാല്‍ മസ്ജിദ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച ഹിന്ദ് സഫര്‍ ദേശീയ യാത്ര പതിനൊന്ന് സംസ്ഥാനങ്ങളിലെ ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവേശിച്ചു. അസാം, മേഘാലയ, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ഹിന്ദ് സഫറിനെ സ്വീകരിക്കാന്‍ വന്‍ ജനാവലി തടിച്ചുകൂടി. സംസ്ഥാന അതിര്‍ത്തികളില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രവര്‍ത്തകര്‍ നേതാക്കളെ ആനയിച്ചു.

അസാമിലെ ബദര്‍പൂരിലും മണിപ്പൂരിലെ ജിരിബാമിലും നടന്ന സമ്മേളനങ്ങള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുതുതലമുറയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവണതകളെ ചെറുക്കാനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന വിധം അവരെ സജ്ജമാക്കാനും എസ് എസ് എഫിന് സാധിക്കുമെന്ന് സമ്മേളനങ്ങളില്‍ സംസാരിച്ച വിവിധ മതസാമൂഹിക രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സാക്ഷര സൗഹൃദ ഇന്ത്യ സാക്ഷാത്കരിക്കാന്‍ എസ് എസ് എഫ് ദേശീയ നേതാക്കള്‍ നയിക്കുന്ന യാത്ര ഇന്ന് പശ്ചിമ ബംഗാളില്‍ പ്രവേശിക്കും. ഫെബ്രുവരി ഏഴിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപന മഹാസമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കും.