Connect with us

Articles

ഒരു ജനത നിശ്ശബ്ദരാക്കപ്പെടുന്നു

Published

|

Last Updated

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു വിഷയത്തെ അടിസ്ഥാനമാക്കി പത്തോളം ഹര്‍ത്താലുകള്‍ നടക്കുക എന്ന അപൂര്‍വതയാണ് ശബരിമല വിഷയം കൈവരിച്ചിരിക്കുന്നത്. ഒരു വശത്ത് സര്‍ക്കാറും സര്‍ക്കാരിനെ അനുകൂലിക്കുന്നവരും, മറുവശത്ത് എതിര്‍ക്കുന്നവരും രാഷ്ട്രീയ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നവരും അണിനിരന്ന വാശിയുടെയും കണക്കു തീര്‍പ്പിന്റെയും കളികള്‍ക്കിടയില്‍ അവഗണിക്കപ്പെടുന്നത് കേരളത്തിലെ ജനങ്ങളല്ലേ എന്ന ചിന്ത പ്രസക്തമാണ്. സര്‍ക്കാര്‍ പക്ഷത്ത് നിന്ന് നവോത്ഥാനവാദങ്ങളിലൂന്നിയുള്ള ആശയസംവാദങ്ങള്‍, പൊതു പരിപാടികള്‍, 55 ലക്ഷത്തോളം വനിതകളെ അണിനിരത്തിയുള്ള വനിതാ മതില്‍ എന്നിങ്ങനെ പല നീക്കങ്ങളും ഉണ്ടായി. മറുവശത്ത് നിന്ന് പത്തിനടുത്ത് ഹര്‍ത്താലുകള്‍, കേരളത്തിന്റെ വടക്ക് നിന്ന് തെക്ക് വരെ നീണ്ട അയ്യപ്പജ്യോതി, ഒട്ടനവധി അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും ഹര്‍ത്താലിന്റെ മറപറ്റി എണ്ണമറ്റ വിധ്വംസക പ്രവര്‍ത്തനങ്ങളുമെല്ലാം ഉണ്ടായി. രണ്ട് പക്ഷത്ത് നിന്നുമുണ്ടാകുന്ന പ്രതികരണങ്ങളുടെയും പ്രതിരോധങ്ങളുടെയുമെല്ലാം ആത്യന്തിക ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് പൊതുജനങ്ങളാണ്. സര്‍ക്കാറിനു വേണ്ടി പ്രതിരോധ രംഗത്തിറങ്ങിയവരും ശബരിമല വിശ്വാസികള്‍ക്കായി രംഗത്തിറങ്ങിയവരും ശക്തമായ രണ്ട് ആള്‍ക്കൂട്ടങ്ങള്‍ തന്നെയാണ്.

എന്നാല്‍, ഈ വിഷയത്തില്‍ രംഗത്തിറങ്ങാതെ കാഴ്ചക്കാരായി നില്‍ക്കുകയും രണ്ട് പക്ഷത്തിന്റെയും വീറിന്റെയും വാശിയുടെയും കണക്കു തീര്‍ക്കലിന്റെയും ദുരിതങ്ങള്‍ ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന പൊതു സമൂഹം തന്നെയാണ് അംഗസംഖ്യയില്‍ മുന്നില്‍ എന്നതാണ് വസ്തുത. വിഷയത്തില്‍ ഭൂരിപക്ഷം ഇപ്പോഴും കളിക്കളത്തിന് പുറത്തു തന്നെയാണ്. ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളോ ജാതിമത സമുദായ സംഘടനകളോ ഒരു കാലത്തും പൊതുമണ്ഡലത്തിന്റെയോ പൊതുജനങ്ങളുടെയോ മൊത്തത്തിലുള്ള പ്രതിനിധികള്‍ ആയിരുന്നിട്ടില്ല. അങ്ങനെയാകാന്‍ സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിക്കുകയുമില്ല. എന്നാല്‍, വിവിധ വിഷയങ്ങളുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഉന്നയിക്കുന്ന അവകാശവാദങ്ങളെ പൊതുജനത്തിന്റെ തലയില്‍ കെട്ടിവെച്ചാണ് അവര്‍ സാധൂകരണം തേടിക്കൊണ്ടിരിക്കുന്നത്. ജനങ്ങങ്ങളുടെ പേരില്‍ സംസാരിക്കുവാനും വാദങ്ങള്‍ ഉന്നയിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും തങ്ങള്‍ക്ക് സഹജവും സ്വാഭാവികവുമാണ് എന്ന ഭാവമാണ് ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം.

ജനങ്ങളെ അവഗണിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന വിധത്തിലുളള ധാര്‍ഷ്ട്യങ്ങളിലേക്കാണ് ഈ ഭാവം രാഷ്ട്രീയ പാര്‍ട്ടികളെ നയിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പേരിലായാല്‍ എന്തുനെറികേടും ജനങ്ങള്‍ സഹിച്ചുകൊള്ളുമെന്ന് ചിന്തിച്ചില്ലായിരുന്നെങ്കില്‍ ശബരിമല വിഷയത്തില്‍ ഇത്രയധികം ഹര്‍ത്താലുകളും അക്രമങ്ങളും നടത്തുവാന്‍ സംഘ്പരിവാര്‍ ശ്രമിക്കുമായിരുന്നില്ലല്ലോ. വിശ്വാസത്തെയും പാരമ്പര്യത്തെയും വിലകുറഞ്ഞ രാഷ്ട്രീയക്കളികളിലെ കരുക്കളാക്കി മാറ്റുകയാണ് ഏതൊരു മതരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പോലെത്തന്നെ സംഘ്പരിവാറും ശബരിമല വിഷയത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനജീവിതം തകര്‍ത്തു കൊണ്ടുള്ള വിശ്വാസസംരക്ഷണത്തിന്റെ ബാലിശതയും നിരര്‍ഥകതയും തിരിച്ചറിയാന്‍ അന്ധവും ആസുരവുമായ വര്‍ഗീയ രാഷ്ട്രീയ ഭ്രാന്ത് അവരെ അനുവദിക്കുന്നില്ല.
സത്യത്തില്‍ കേരള ജനത വഞ്ചിക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെട്ടു കൊണ്ടിരിക്കുകയുമല്ലേ? ഈ വിഷയത്തില്‍ എന്താണ് കേരളീയ പൊതുസമൂഹത്തിന്റെ വ്യക്തവും സുചിന്തിതവുമായ അഭിപ്രായമെന്ന് അന്വേഷിക്കാന്‍ സര്‍ക്കാറോ സമരക്കാരോ ഇതുവരെ സന്നദ്ധമായിട്ടില്ല. ജനാധിപത്യരീതിയില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി ഭരണത്തിലേറ്റിയ ഒരു സര്‍ക്കാറിനെ സാങ്കേതികമായി “ജനകീയ ഭരണകൂടം” എന്ന് പറയാമെങ്കിലും ആ സര്‍ക്കാര്‍ വിഷയാധിഷ്ഠിതമായി അതാത് സമയങ്ങളില്‍ കൈക്കൊള്ളുന്ന എല്ലാ നയ-സമീപനങ്ങളും നാടിന്റെയോ ജനതയുടെയോ മൊത്തത്തില്‍ അംഗീകാരമുള്ളതാണ് എന്ന് ഭാവിക്കുന്നത് ശരിയല്ല. ഒരു ജനോന്മുഖ ജനാധിപത്യ സര്‍ക്കാറും ഭരണകൂടവും ചെയ്യേണ്ടത് അതാത് സമയങ്ങളില്‍ ആവിര്‍ഭവിക്കുന്ന പ്രശ്‌നങ്ങള്‍, സാമൂഹിക സുരക്ഷയെയും ജന ജീവിതത്തെയും ബാധിക്കുന്ന വിധത്തില്‍ ഗുരുതരരൂപം കൈവരിക്കയാണെങ്കില്‍ അത്തരം പ്രശ്‌നങ്ങളില്‍ മൊത്തം ജനങ്ങളുടെയും ഭൂരിപക്ഷാഭിപ്രായമെന്തെന്ന് ഒരു സര്‍വേ നടത്തി അതനുസരിച്ച് സര്‍ക്കാര്‍ നയം ആവിഷ്‌കരിക്കുകയാണ്.

ശബരിമല വിഷയം ഇത്രയധികം പ്രശ്‌നമായ സാഹചര്യത്തില്‍ ആ വിഷയത്തില്‍ അത്തരമൊരു സര്‍വേക്ക് പ്രസക്തിയുണ്ട്. രണ്ട് പക്ഷങ്ങളുടെയും നടുക്ക് നിശ്ശബ്ദരും കാഴ്ചക്കാരുമായി നില്‍ക്കേണ്ടിവരുന്ന യഥാര്‍ഥ ജനതക്ക് വിഷയത്തില്‍ എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ ഇരു പക്ഷവും തയ്യാറാകേണ്ടിയിരിക്കുന്നു. “വിശ്വാസമല്ലേ, അതിന്റെ പേരില്‍ എന്തുമാകാമെന്ന” ഒരു തോന്നല്‍ കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവെ പുലര്‍ത്തുന്നുണ്ട്. എന്നാല്‍ സമൂഹത്തിന് ആ തോന്നല്‍ ഏറ്റെടുക്കേണ്ട ഒരു ബാധ്യതയുമില്ല. ശബരിമലയില്‍ ആചാരപരിഷ്‌കരണം ആകാമെന്ന് കേരളത്തിലെ ഹൈന്ദവ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അംഗീകരിച്ചു കഴിഞ്ഞാല്‍ വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ കാറ്റ് മൊത്തത്തില്‍ അഴിഞ്ഞുപോകാനിടയുണ്ട്. പൊതുജനവും സമൂഹത്തില്‍ ഏറെ പേരും ആ വിഷയത്തില്‍ എന്താണ് ചിന്തിക്കുന്നതെന്ന ഒരു അന്വേഷണം നടത്താതെയും അത്തരമൊരു അഭിപ്രായ രൂപവത്കരണത്തിന് അവസരമുണ്ടാക്കാതെയും വിഷയത്തെ പ്രശ്‌നവത്കരിച്ച് സംഘര്‍ഷം നിലനിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ഇപ്പോഴും ശ്രമിക്കുന്നത്.
ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഇത്രയധികം കോലാഹലങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചവര്‍ എന്നാല്‍ ഇതുവരെയും ഭൂരിപക്ഷവിശ്വാസി സമൂഹത്തിന് എന്തു പറയാനുണ്ട് എന്നന്വേഷിച്ചിട്ടില്ല. പകരം സ്വയം വിശ്വാസികളായി ചമയുകയും വിശ്വാസികളുടെ മൊത്തം കുത്തകയും തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന ഭാവത്തില്‍ ധാര്‍ഷ്ട്യത്തോടെ നീങ്ങുകയുമാണ്. ഇത് പൊതുസമൂഹത്തോടുള്ള അവഗണനയില്‍ കുറഞ്ഞ ഒന്നുമല്ല. ഇതുകൊണ്ടവര്‍ക്ക് രാഷ്ട്രീയനേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. വിഷയത്തില്‍ സംഘ്പരിവാറിന് തികച്ചും നിഗൂഢമായ ലക്ഷ്യങ്ങളുണ്ട് എന്ന് കേരളീയ പൊതുമണ്ഡലം ഇതിനകം മനസ്സിലാക്കിയതിനാല്‍ രാഷ്ട്രീയ വിളവെടുപ്പ് അത്ര മെച്ചവുമായിരിക്കില്ല. (അവസാനിച്ചു)

എ വി ഫിര്‍ദൗസ്

---- facebook comment plugin here -----

Latest