Connect with us

Gulf

ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; കിരീടം ദുബൈ സെന്‍ട്രല്‍ നേടി

Published

|

Last Updated

അജ്മാന്‍: പത്താമത് ആര്‍ എസ് സി കലാലയം ദേശീയ സാഹിത്യോത്സവ് കിരീടം ഇത്തവണയും ദുബൈ സെന്‍ട്രല്‍ സ്വന്തമാക്കി. ആദ്യാന്തം ആവേശം മുറ്റിനിന്ന മത്സരത്തില്‍ 331 പോയിന്റുകള്‍ നേടിയാണ് ദുബൈ സെന്‍ട്രല്‍ ജേതാക്കളായത്. ഇത് ആറാം തവണയാണ് ദുബൈ സാഹിത്യോത്സവ് ജേതാക്കളാവുന്നത്. 220 പോയിന്റ് നേടി അബുദാബി സിറ്റി സെന്‍ട്രല്‍ രണ്ടാം സ്ഥാനവും 197 പോയിന്റുമായി ഷാര്‍ജ സെന്‍ട്രല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞ രണ്ടുമാസക്കാലം യു എ ഇ യിലെ 138 യൂണിറ്റുകളിലും, 38 സെക്ടറുകളിലും അബുദാബി സിറ്റി, അബുദാബി ഈസ്റ്റ്, അല്‍ ഐന്‍, ദുബൈ, അജ്മാന്‍, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ ഫുജൈറ, റാസല്‍ഖൈമ എന്നീ സെന്‍ട്രല്‍ സാഹിത്യോത്സവുകളിലേയും 5000ലധികം പ്രതിഭകളില്‍ നിന്നും പ്രതിഭാത്വം തെളിയിച്ച 738 മത്സരിക്കളാണ് ദേശീയ സാഹിത്യോത്സവിലെ 8 വേദികളിലായി 5 ഇനങ്ങളില്‍ മത്സരിച്ചത് അജ്മാന്‍ വുഡ് ലെം പാര്‍ക് സ്‌കൂളില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച മത്സരപരിപാടികള്‍ രാത്രി പത്ത് മണിയോടെയാണ് സമാപിച്ചത്. സാഹിത്യോത്സവ് കാണാന്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് കുടുംബ സഹിതം വന്നെത്തിയത്. രാത്രി നടന്ന സാംസ്‌കാരികോത്സവത്തില്‍ സാമൂഹികസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. സമാപന സമ്മേളനം പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടര്‍ കെ ചന്ദ്രസേനന്‍ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് യുഎ ഇ പ്രസിഡന്റ് മുസ്തഫ ദാരിമി അധ്യക്ഷതവഹിച്ചു. കലാകിരീടം നേടിയ ദുബൈ സെന്‍ട്രല്‍ ടീമിനുള്ള ട്രോഫി നെല്ലറ ശംസുദ്ദീന്‍ വിതരണം ചെയ്തു. കലാപ്രതിഭക്കുള്ള സമ്മാനം സജി ചെറിയാനും സര്‍ഗപ്രതിഭക്കുള്ള സമ്മാനം വുഡ് ലെം പാര്‍ക് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍മാരായ നൗഫല്‍, ഇസ്മാഈല്‍ എന്നിവര്‍ ചേര്ന്ന് വിതരണം ചെയ്തു.

അശ്‌റഫ് മന്ന, അബൂബക്കര്‍ അസ്ഹരി, എ കെ അബ്ദുല്‍ ഹകീം, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, പി പി എ കുട്ടി ദാരിമി അല്‍ ഐന്‍, സി എം എ കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ ബസ്വീര്‍ സഖാഫി,അബ്ദുറസാഖ് മുസ്‌ലിയാര്‍, കെ ശമീം, പി സി കെ ജബ്ബാര്‍, റസാഖ് മാറഞ്ചേരി, കാസിം പുറത്തില്‍, സക്കരിയ ഇര്‍ഫാനി, വിനോദ് നമ്പ്യാര്‍, ഇ പി എം കുട്ടി മൗലവി, ഹാമിദലി സഖാഫി, മഹ്മൂദ് ഹാജി, ശരീഫ് കാരശ്ശേരി, നെല്ലറ ശംസുദ്ദീന്‍, ഹിശാം അബ്ദുല്‍ സലാം, അബ്ദുല്‍ റഷീദ് റഷീദ് ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest