Connect with us

National

മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായുള്ള ദിലീപിന്റെ ഹരജി ഫെബ്രുവരിയിലേക്കു മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സംഭവത്തിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാനത്തിലേക്കു മാറ്റി.

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിക്കു നല്‍കരുതെന്നും അങ്ങനെ ചെയ്യുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ദിലീപും അഭിഭാഷകനും വിചാരണ കോടതിയുടെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ നേരത്തെ കണ്ടിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ എന്തിനാണ് പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നും പ്രതിക്ക് അതിനുള്ള അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ ദിലീപ് ഒരാഴ്ചത്തെ സമയം തേടിയതോടെയാണ് കോടതി കേസ് മാറ്റിയത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും ഇതു പരിശോധിക്കുന്നതിന് പകര്‍പ്പു വേണമെന്നുമാണ് പ്രതിഭാഗം ഹരജിയിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.

Latest