നഴ്‌സിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഭര്‍ത്താവ് കീഴടങ്ങി

Posted on: January 22, 2019 9:55 pm | Last updated: January 22, 2019 at 9:56 pm

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ കാണാതായ നഴ്‌സിനെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി. ബംഗളൂരുവില്‍ നഴ്‌സായിരുന്ന ആന്‍ലിയ എന്ന യുവതി മരിച്ച കേസിലാണ് ഭര്‍ത്താവ് ജസ്റ്റിന്‍ ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

സംഭവം നടന്ന് നാലു മാസത്തിനു ശേഷം കേസന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതിക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ ആഗസ്റ്റ് 25ന് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു കാണാതാവുകയായിരുന്നു. 28ന് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറക്കല്‍ ഹൈജിനസ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി.

അടുത്ത ദിവസം ക്രൈംബ്രാഞ്ച് ജസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് വിവരം.