ഭക്ഷ്യ വിഭവങ്ങളൊരുക്കി ആനമങ്ങാട് യു പി സ്‌കൂള്‍

Posted on: January 21, 2019 11:28 am | Last updated: January 21, 2019 at 1:06 pm
ആനമങ്ങാട് ഫുഡ് ഫെസ്റ്റിവലില്‍ നിന്നുള്ള കാഴ്ച

പെരിന്തല്‍മണ്ണ: രുചി വൈവിധ്യമാര്‍ന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കി ആനമങ്ങാട് യു പി സ്‌കൂളില്‍ നടന്ന ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ 150ഓളം അമ്മമാരാണ് ‘ഉപ്പും മുളകും’ എന്ന പേരില്‍ നടന്ന ഭക്ഷ്യമേളയില്‍ വിഭവങ്ങള്‍ ഒരുക്കിയത്. പാഠഭാഗത്തിന്റെയും അക്കാദമിക് പ്ലാനിന്റെയും ഭാഗമായാണ് ആനമങ്ങാട് എ യു പി സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്.

150ഓളം അമ്മമാര്‍ പങ്കെടുത്ത ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ മഹാമേളയായി മാറി. വിദ്യാര്‍ഥികളില്‍ പോഷകാഹാര രീതി ശീലിക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷ്യമേള മുന്നോട്ടുവെച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിഭവങ്ങള്‍ തയ്യാറാക്കുന്ന അമ്മമാരെ പ്രോത്സാഹിപ്പിച്ചു. വിവിധ വിഭാഗങ്ങള്‍ തിരിച്ചായിരുന്നു ഭക്ഷ്യമേളയില്‍ മത്സരങ്ങള്‍. ചായ ക്കൊപ്പം വിഭാഗത്തില്‍ ഷഹ്‌ല, നുണയാം മധുരത്തില്‍ വിഭാഗത്തില്‍ റസീന, ചോറിനൊപ്പം വിഭാഗത്തില്‍ റസീന ഒന്നാം സ്ഥാനം നേടി. ജനപ്രിയ വിഭവം തയ്യാറാക്കിയ സിബിലത്തിനെ പാചക റാണിയായി തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. ആലിപറമ്പ് ഗ്രാമ പഞ്ചായത്തംഗം പി സ്വര്‍ണലത ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെജെ അജിത്ത് മോന്‍ മുഖ്യപ്രഭാഷണം നടത്തി.