Connect with us

Kozhikode

വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം: മന്ത്രി ടി പി രാമകൃഷ്ണന്‍

Published

|

Last Updated

വടകരയില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വടകര: വിദ്യാഭ്യാസ മേഖലയിലെ സൗകര്യങ്ങള്‍ നല്ല നിലയില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രമിക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വടകര സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. കേരളത്തിന് പുറത്ത് പ്രശസ്തമായ യൂണിവേഴ്‌സിറ്റികളില്‍ നമ്മുടെ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രവേശനം ലഭിക്കുന്നുണ്ടെന്നും തൊഴില്‍ ശക്തി വളര്‍ത്തി എടുക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യ ബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈവരിക്കാന്‍ സാധിക്കും. സിവില്‍ സര്‍വീസ് നമ്മുടെ കുട്ടികള്‍ക്ക് ബാലികേറാമലയല്ല. ഇതിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കി വരികയാണെന്നും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ച് യുവതീ യുവാക്കളെ പ്രാപ്തരാക്കുക സര്‍ക്കാര്‍ ലക്ഷ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റീനാ ജയരാജ്, വി ഗോപാലന്‍, പി അശോകന്‍, ഡി ഇ ഒ. സി മനോജ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ ആര്‍ അജിത്ത്, എടയത്ത് ശ്രീധരന്‍, പി അജിത്ത്, പി സലില്‍, കെ മധുസൂദനന്‍, സുരേഷ് ചെറിയാണ്ടി പ്രസംഗിച്ചു.