Connect with us

Gulf

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ സുഹൃദ് വലയത്തില്‍ അപരിചിതരെ ഉള്‍പെടുത്തരുതെന്ന് മുന്നറിയിപ്പ്

Published

|

Last Updated

ദുബൈ: കഴിഞ്ഞ വര്‍ഷം 2,920ലധികം വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി ദുബൈ പോലീസ് വെളിപ്പെടുത്തി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, നടപടിയെടുത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2017ല്‍ 1,799ഉം 2016ല്‍ 1899ഉം വ്യാജ അക്കൗണ്ടുകളാണ് പ്രവര്‍ത്തനരഹിതമാക്കിയിരുന്നത്.

മറ്റൊരാളുടെ പേരിലുണ്ടാക്കിയ 500ലധികം സാമൂഹിക മാധ്യമ അക്കൗണ്ടുകളും കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനരഹിതമാക്കിയവയില്‍പെടുമെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇതില്‍ കൂടുതലും സെലിബ്രിറ്റികളുടെയും മറ്റു പ്രശസ്തരായ ആളുകളുടെ പേരിലുള്ളതായിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളും സ്മാര്‍ട് പ്രോഗ്രാമുകളും നിരവധി കുറ്റകൃത്യങ്ങള്‍ തടയാനും കേസുകള്‍ തെളിയിക്കാനും പോലീസിന് സഹായകമാകുന്നുണ്ടെന്ന് ബ്രിഗേഡിയര്‍ അല്‍ ജല്ലാഫ് വ്യക്തമാക്കി.
സാമ്പത്തിക ചൂഷണമോ സാമൂഹിക മാധ്യമങ്ങളിലൂടെ ഹിംസിക്കുകയോ ചെയ്യുന്നതാണ് ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍. വിദ്യാര്‍ഥികളെയും വാണിജ്യപ്രമുഖരെയും അപകീര്‍ത്തിപ്പെടുത്താനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം വര്‍ധിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ ദുബൈ പോലീസ് നടപ്പാക്കുന്നതായി സൈബര്‍ ക്രൈം ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സാലിം ഉബൈദ് സാലിമിന്‍ പറഞ്ഞു. അടുത്തിടെ “വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക” എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് കാമ്പയിന്‍ ആരംഭിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ സുഹൃദ് വലയത്തില്‍ അപരിചിതരെ ഉള്‍പെടുത്തരുതെന്ന് കേണല്‍ സാലിം ഉബൈദ് സാലിമിന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളുടെ ഇടപെടല്‍ രക്ഷിതാക്കള്‍ വീക്ഷിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

Latest