സ്വത്ത് തര്‍ക്കങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്കാജനകം: ഇ എം രാധ

Posted on: January 19, 2019 3:39 pm | Last updated: January 19, 2019 at 3:39 pm

കണ്ണൂര്‍: വനിതാ കമ്മീഷന്‍ മുമ്പാകെ എത്തുന്ന വിവാഹമോചന കേസുകളുടെ എണ്ണം സമീപകാലത്ത് കുറഞ്ഞ് വരുന്നു എന്നത് ആശ്വാസം പകരുന്നുണ്ടെന്നും എന്നാല്‍ സ്വത്ത് തര്‍ക്കങ്ങളുടെ തോത് വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. വിധവകളായ അമ്മമാരാണ് കൂടുതലായും സ്വത്ത് തര്‍ക്കത്തിന്റെ  ഇരകള്‍, എതിര്‍ഭാഗത്ത് സ്വന്തം മക്കളാണ് എന്നത് ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. പ്രായമായ അമ്മമാരെ പരിചരിക്കാന്‍ പെണ്‍മക്കള്‍ ഉള്‍പ്പെടെ തയ്യാറാവുന്നില്ല. സമ്പന്നര്‍ മുതല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ വരെ ഇത്തരം കേസുകളുടെ ഭാഗമാകുന്നു. വിദ്യാഭ്യാസപരമായി മലയാളികള്‍ മുന്നേറുമ്പോഴും സാമൂഹികമായി പിന്നോക്കം നടക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം അവസ്ഥകള്‍ മാറ്റിയെടുക്കാന്‍ സ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. ഇതിന് പുറമെ പൊതുജനങ്ങള്‍ക്കായി ബോധവല്‍ക്കരണ സെമിനാറുകളും നിരന്തരമായി സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി വനിതാ കമ്മീഷന്‍ ബാലാവകാശ കമ്മീഷനുമായി കൈകോര്‍ത്ത് ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും അവര്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍ അഗം ഇ എം രാധയുടെ നേതൃത്വത്തില്‍ വനിതാ കമ്മീഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എല്‍ രമ, വനിതാ കമ്മീഷന്‍ ലീഗല്‍ പാനല്‍ അംഗങ്ങളായ അഡ്വ. കെ എം പ്രമീള, അഡ്വ.ടി സരള, അഡ്വ.പത്മജ പത്മനാഭന്‍, അഡ്വ.വിമലകുമാരി എന്നിവര്‍ ആറ് ബെഞ്ചുകളിലായാണ് കേസുകള്‍ പരിഗണിച്ചത്. പരിഗണിച്ച 66 കേസുകളില്‍ 11 എണ്ണം തീര്‍പ്പാക്കി. രണ്ട് കേസുകളില്‍ കൗണ്‍സിലിങ്ങ് നടത്താന്‍ തീരുമാനിച്ചു. 10 കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനായി കൈമാറി, 43 കേസുകള്‍ അടുത്ത വനിതാ കമ്മീഷന്‍ അദാലത്തില്‍ പരിഗണിക്കാനായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.