Connect with us

Kerala

പിന്നാക്ക വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം: 200 കോടി കൂടി അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ ഇ സി/എസ് ഇ ബി സി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ വര്‍ഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപക്ക് പുറമെയാണ് അധിക ധനാനുമതിയിലൂടെ 200 കോടി രൂപ അനുവദിച്ചത്. ഇതോടെ ഒ ഇ സി/എസ് ഇ ബി സി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ ഉണ്ടായിരുന്ന കുടിശ്ശിക പൂര്‍ണമായും തീരും.
30 സമുദായങ്ങളെ കൂടി ഒ ഇ സി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെടുത്തിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഒ ഇ സി, എസ് ഇ ബി സി വിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തില്‍ 189 കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്നതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കാലത്ത് ആവശ്യമായ തുക ബജറ്റില്‍ വെക്കാത്തത് മൂലമാണ് കുടിശ്ശിക വന്നത്. നിലവില്‍ ഒ ഇ സി ആനുകൂല്യം ലഭിക്കുന്ന എട്ട് സമുദായങ്ങള്‍ക്ക് പുറമെ 30 സമുദായങ്ങളെ കൂടി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി പരിഗണിച്ചപ്പോള്‍ ഏതാണ്ട് 200 കോടി രൂപയുടെ വര്‍ധനവ് പ്രതിവര്‍ഷം നേരിടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെയായി 732.35 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുന്നതിനും അടുത്ത വര്‍ഷം മുതല്‍ കുടിശ്ശിക ഇല്ലാതെ കൃത്യമായി ഒ ഇ സി/എസ് ഇ ബി സി വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Latest