ശബരിമല ദര്‍ശനത്തിനായി രേഷ്മയും ഷാനിലയും വീണ്ടുമെത്തി; പോലീസ് തിരിച്ചയച്ചു

Posted on: January 19, 2019 9:56 am | Last updated: January 19, 2019 at 8:08 pm

ശബരിമല: ശബരിമല ദര്‍ശനത്തിനായി വീണ്ടും രണ്ട് യുവതികള്‍ എത്തി. കഴിഞ്ഞദിവസം ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തും ഷാനിലയുമാണ് ശബരിമലയില്‍ പ്രവേശിക്കാനായി വീണ്ടും എത്തിയത്. നിലയ്ക്കലിലെത്തിയ ഇവരെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു. പുലര്‍ച്ചെ 5.15നാണ് ഇവര്‍ ഉള്‍പ്പെടുന്ന എട്ട് അംഗ സംഘം എത്തിയത്.

ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ പിന്മാറാന്‍ തീരുമാനിച്ചെന്നും ഇതോടെ ഇവരെ എരുമേലിയിലേക്ക് മടക്കി അയച്ചതായും പോലീസ് അറിയിച്ചു.

നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിന്‍ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുധന്‍, മിഥുന്‍, സജേഷ്, പ്രീയേഷ്, അനൂപ് എന്നിവരാണ് യുവതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ശനിയാഴ്ച ദര്‍ശനം സാധ്യമാക്കാമെന്ന ഉറപ്പ് പോലീസ് ലംഘിച്ചെന്ന് ശ്രേയസ് പറഞ്ഞു.