ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ഭീമന്‍ വളര്‍ത്തു മുതല സ്ത്രീയെ കൊന്നു. ബുധനാഴ്ചയാണ് സംഭവം. സുലവേസിക്ക് വടക്ക് മിന്‍ഹാസയിലുള്ള ഫാമില്‍ ലബോറട്ടറി മേധാവിയായി സേവനം ചെയ്തിരുന്ന 44കാരിയായ ദീസി തുവോയാണ് ദുരന്തത്തിന് ഇരയായത്. 4.4 മീറ്റര്‍ നീളമുള്ള ഭീമന്‍ മുതലയാണ് യുവതിയെ ആക്രമിച്ചത്.
ഇന്നലെ രാവിലെ ഇവരുടെ മൃതദേഹം സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. മുതലയെ പാര്‍പ്പിച്ച കുളത്തിലേക്ക് ഇവര്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം. നേരത്തെ ഇവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ കൈ മുതല കടിച്ചെടുത്തിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.