യുവതിക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു

Posted on: January 17, 2019 8:37 pm | Last updated: January 18, 2019 at 10:32 am

കൊച്ചി: എറണാകുളത്ത് പാമ്പാക്കുടയിലെ നെയ്ത്തുശാലപ്പടിയില്‍ യുവതിക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം. റോഡരികിലെ വാടക വീട്ടില്‍ താമസിക്കുന്ന സ്മിതക്കും ഒമ്പതിലും ഏഴിലും നഴ്‌സറിയിലുമായി പഠിക്കുന്ന ഇവരുടെ നാലു മക്കളുടെയും മുഖത്താണ് അജ്ഞാതനായ ആള്‍ ആസിഡ് ഒഴിച്ചത്. യുവതിയെയും മക്കളെയും കോട്ടയം ഇ എസ് ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്.

സ്മിതയുടെ വീടിന് ബുധനാഴ്ച ഉച്ചക്ക് ആരോ തീവച്ചിരുന്നു. ഈ സമയത്ത് സ്മിതയും കുട്ടികളും വീട്ടിലുണ്ടായിരുന്നില്ല. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ജനല്‍ വഴി ആസിഡൊഴിച്ച സംഭവമുണ്ടായത്. തുടര്‍ന്ന് രാമമംഗലം പോലീസും വാര്‍ഡ് മെമ്പറും സ്ഥലത്തെത്തി. പിറവം സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കു ശേഷമാണ് സ്മിതയെയും കുട്ടികളെയും ഇ എസ് ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോലീസ് കേസെടുത്ത് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്മിതയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ എന്‍ സി സി യൂനിറ്റിന്റെ നേതൃത്വത്തില്‍ വീടു നിര്‍മാണം നടക്കുന്നതിനിടെയാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണമുണ്ടായത്.