കര്‍ണാടകയിലെ വലിയ കളികള്‍

Posted on: January 17, 2019 10:28 am | Last updated: January 17, 2019 at 11:16 am

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ നിലംപതിക്കുമോ? നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി ജെ പി വീണ്ടും വരുമോ? ജനുവരി 23ന് ശേഷം ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് യെദ്യൂരപ്പ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഓപ്പറേഷല്‍ ലോട്ടസ് വിജയിച്ചിട്ടില്ലെന്നാണ് ഒടുവിലത്തെ സൂചന.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരിടത്തു പോലും വിജയിക്കാതെ പോയ ബി ജെ പി അതിന്റെ ജാള്യതയില്‍ നിന്ന് മോചിതമായിട്ടില്ല. 15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. രാജസ്ഥാനും ഛത്തീസ്ഗഢും ബി ജെ പിയെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് ഏത് വിധേനയും കര്‍ണാടക തിരിച്ചുപിടിക്കാന്‍ അമിത്ഷായും ബി എസ് യെദ്യൂരപ്പയും അവിശുദ്ധമായ മാര്‍ഗത്തിലൂടെ നീക്കം നടത്തുന്നത്.

104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കര്‍ണാടകയില്‍ ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു. കുതിരക്കച്ചവടത്തിലൂടെ എം എല്‍ എമാരെ അടര്‍ത്തി ഭൂരിപക്ഷമുണ്ടാക്കി അധികാരം പിടിക്കാന്‍ യെദ്യൂരപ്പ നടത്തിയ രാഷ്ട്രീയ നാടകങ്ങളെല്ലാം അസ്ഥാനത്താവുന്നതാണ് അന്ന് കണ്ടത്. കര്‍ണാടകയിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെ താമര വിരിയിക്കാമെന്ന കണക്കൂകൂട്ടലോടെ ബി ജെ പി കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാല്‍, കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി ജെ പിക്ക് കര്‍ണാടകയില്‍ ഏത് വിധേനയെങ്കിലും ഭരണത്തിലെത്തിയേ പറ്റൂ. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമായിരിക്കുമെന്ന വിലയിരുത്തല്‍ ബി ജെ പി നേതൃത്വത്തിനുണ്ട്. ലോക്‌സഭയിലേക്ക് വിജയം കാണണമെങ്കില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്ന ചിന്തയാണ് പുതിയ നീക്കങ്ങള്‍ക്ക് പിന്നില്‍.

ചെറിയ മാര്‍ജിനില്‍ ഭരണം നഷ്ടപ്പെട്ട ബി ജെ പി അടങ്ങിയിരിക്കില്ലെന്ന് വ്യക്തമാക്കുന്നതായാരുന്നു സഖ്യസര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ നടക്കുന്ന രാഷ്ട്രീയ ചരടുവലികളും കുതിരക്കച്ചവട നീക്കങ്ങളും. ഇപ്പോള്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന്‍ താമര’ ഫലപ്രദമായില്ലെങ്കില്‍ ഇനി ഇത്തരം നീക്കങ്ങള്‍ നടത്തരുതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത്ഷാ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കാത്ത സ്ഥിതിയാണ്. രണ്ട് പേര്‍ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാറിന് ഭീഷണിയല്ല. കോണ്‍ഗ്രസിനും ജെ ഡി എസിനുമായി 117 പേരുടെ അംഗബലമുണ്ട്. ഒരു ബി എസ് പി അംഗവും കൂടിയാവുമ്പോള്‍ 118 ആകും. മാത്രമല്ല, കാണാതായ ഒരു കോണ്‍ഗ്രസ് എം എല്‍ എ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ അമിത് ഷാ തന്നെയാണ് അണിയറയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഭരണം തിരിച്ചുപിടിക്കുന്നതിലൂടെ ജനസ്വാധീനം ശക്തമാക്കാനും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനും സാധിക്കുമെന്ന് അമിത്ഷാ കണക്കുകൂട്ടുന്നു. ലോക്‌സഭയെ മുന്നില്‍ കണ്ടുള്ള തന്ത്രമായി വേണം ഇപ്പോള്‍ നടക്കുന്ന ഓപ്പറേഷന്‍ താമരയെ നോക്കിക്കാണാന്‍.

ഭരണ പ്രതിസന്ധി ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോവുക എന്നത് ബി ജെ പിയുടെ അജന്‍ഡയാണ്. ഇങ്ങനെ നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്നവരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനും ഭൂരിപക്ഷം ഉറപ്പാക്കി എളുപ്പത്തില്‍ വിധാന്‍സൗധ പിടിക്കാനും കഴിയുമെന്ന് അവര്‍ കരുതുന്നു. സഖ്യ സര്‍ക്കാറിന് ആയുസ്സില്ലെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാനും സാധിക്കും.

സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചത് ഒരു സൂചനയാണ്. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ പിന്തുണ പിന്‍വലിക്കാനുള്ള സാഹചര്യം രൂപപ്പെട്ടു. എം എല്‍ എമാരെ അടര്‍ത്തിയെടുക്കാനുള്ള ചര്‍ച്ചകള്‍ ഒരുഭാഗത്ത് ബി ജെ പി നടത്തുന്നു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായതും ഇവരോടുള്ള ടെലഫോണ്‍ ബന്ധം അസാധ്യമായതും കോണ്‍ഗ്രസില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇവര്‍ മുംബൈയിലെ റിസോര്‍ട്ടില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പമാണെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന രമേശ് ജാര്‍ക്കിഹോളിയാണ് ബി ജെ പി നേതാക്കളുമായി ആശയ വിനിമയം നടത്തിവരുന്നത്. ഇതിന് തടയിടാനുളള നീക്കങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് – ജെ ഡി എസ് പാളയത്തില്‍ നടക്കുന്നത്. ഇത് ഫലം കാണുന്നതിന്റെ സൂചനയാണ് കാണാതായ എം എല്‍ എ ഭീമാനായിക് തിരിച്ചുവരവ്. 18ന് നടക്കുന്ന ഭരണപക്ഷ എം എല്‍ എമാരുടെ യോഗത്തില്‍ മുഴുവന്‍ എം എല്‍ എമാരെയും എത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.

അതേസമയം, സര്‍ക്കാറിനെ താഴെയിറക്കാനുള്ള എം എല്‍ എമാര്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ജാര്‍ക്കിഹോളിയും കൂട്ടരും അവകാശപ്പെട്ടിരുന്നു. രമേശ് ജാര്‍ക്കിഹോളിയെ കൂടാതെ ആനന്ദ് സിംഗ്, ഡി നാഗേന്ദ്ര, ഉമേഷ് ജാദവ്, ശ്രീമന്ത് പാട്ടീല്‍, മഹേഷ് എന്നീ എം എല്‍ എമാരും ബി ജെ പിയിലേക്ക് ചേക്കേറാന്‍ നില്‍ക്കുന്നു. പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി ജെ പി നീക്കം ശക്തമാക്കിയതോടെ ബി ജെ പിയുടെ എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാനുള്ള മറുതന്ത്രങ്ങളിലാണ് ഭരണപക്ഷം. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന അഞ്ച് പേരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് നീക്കം. ഇത് ഭയന്ന് ബി ജെ പിയുടെ 102 എം എല്‍ എമാരെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായുള്ള വിവരവുമുണ്ട്. കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് മന്ത്രി ഡി കെ ശിവകുമാറാണ് മുന്നില്‍ നില്‍ക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ മറുകണ്ടം ചാടുന്ന സ്ഥിതി വിശേഷം വരികയാണെങ്കില്‍ കുമാരസ്വാമി സര്‍ക്കാറിന്റെ നില പരുങ്ങലിലാവുകയും ബി ജെ പി അധികാരത്തിലെത്തുകയും ചെയ്യും. എം എല്‍ എമാരായ എച്ച് നാഗേഷ് (മൊലബാഗിലു) ആര്‍ ശങ്കര്‍ (റാനെ ബെന്നൂര്‍) എന്നിവരാണ് കഴിഞ്ഞദിവസം സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. അതൃപ്തരായ കോണ്‍ഗ്രസിലെ ആറ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറാന്‍ സന്നദ്ധമായിരിക്കുന്നതിനിടെയാണ് സര്‍ക്കാറിനെ ഞെട്ടിച്ച് രണ്ട് സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചത്.

കോണ്‍ഗ്രസ് പിന്തുണയോടെ മൊലബാഗിലുവില്‍ നിന്ന് മത്സരിച്ച എച്ച് നാഗേഷ് 6715 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സര്‍ക്കാര്‍ രൂപവത്കരണ വേളയില്‍ നാഗേഷ് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നെങ്കിലും കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു. കര്‍ണാടക പ്രജ്ഞാവന്ത ജനതാപാര്‍ട്ടിയുടെ പ്രതിനിധിയാണ് ആര്‍ ശങ്കര്‍. സഖ്യസര്‍ക്കാറില്‍ നേരത്തെ വനം- പരിസ്ഥിതി മന്ത്രിയായിരുന്നു. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തില്‍ മന്ത്രിസ്ഥാനം നഷ്ടമായതോടെ ഇടഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബി ജെ പി നീക്കം പുരോഗമിക്കുന്നത്.

കൂടുതല്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പി പക്ഷത്തേക്ക് ചേക്കേറുമെന്നായിരുന്നു സൂചനകളെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമാണ് സംജാതമായിരിക്കുന്നത്. മൂന്ന് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി ഇന്നലെ രാവിലെയോടെ സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായതായി വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസ് എം എല്‍ എയായ പ്രതാപ് ഗൗഡയെ കൂടാതെ ഏഴ് പേര്‍ മുംബൈയിലെ ഹോട്ടലില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ ഹോട്ടലിന്റെ ആറാം നിലയില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം തുടരുകയാണ്. തങ്ങളുടെ എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് പോകില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ളത്. നിലവില്‍ 118 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിനുള്ളത്. കേവല ഭൂരിപക്ഷം നേടാന്‍ 106 എം എല്‍ എമാരുടെ പിന്തുണയാണ് വേണ്ടത്. 16 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിച്ചാല്‍ മാത്രമേ ബി ജെ പിക്ക് അധികാരം നേടാന്‍ കഴിയൂ. 13 കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെക്കുകയാണെങ്കില്‍ നിയമസഭയിലെ അംഗസംഖ്യ 211 ആയി കുറയും. ഇതോടെ രണ്ട് സ്വതന്ത്ര എം എല്‍ എമാരുടെ സഹായത്തോടെ കേവല ഭൂരിപക്ഷമായ 106 തികക്കാന്‍ ബി ജെ പിക്ക് സാധിക്കുകയും ചെയ്യും.

കുമാരസ്വാമി തുടരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ അതൃപ്തി ശക്തമായിരിക്കെയാണ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി വീണ്ടും കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്. ഒരു പ്രാദേശിക പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് കീഴില്‍ നിന്ന് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ സ്വീകരിച്ചിട്ടുള്ളത്. ക്യാബിനറ്റില്‍ ഭൂരിപക്ഷമില്ലാതെയാണ് കുമാരസ്വാമി തുടരുന്നത്. സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കുമാരസ്വാമി കനത്ത വെല്ലുവിളികള്‍ നേരിടുമ്പോഴാണ് ഭരണ പ്രതിസന്ധി സൃഷ്ടിച്ച് ബി ജെ പി ആക്രമണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വീണ്ടും രാഷ്ട്രീയ നാടകങ്ങളുടെ വേദിയായി കര്‍ണാടക മാറുകയാണ്. സഖ്യ സര്‍ക്കാറുകളൊന്നും കര്‍ണാടകയില്‍ അഞ്ച് വര്‍ഷം കാലാവധി തികച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇപ്പോള്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിന്റെ കാര്യത്തിലും ഇത് തന്നെയാകുമോ സംഭവിക്കുക? അതോ മന്ത്രിസഭാ രൂപവത്കരണ വേളയില്‍ സംഭവിച്ച വലിയ പരാജയം തന്നെയാണോ ബി ജെ പികയുടെ ഓപ്പറേഷന്‍ ലോട്ടസിനെ കാത്തിരിക്കുന്നത്?

കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ നിന്നും എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്കിന് തടയിടാന്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തീവ്രശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര് നടത്തുന്ന കുതിരക്കച്ചവടമായിരിക്കും ലക്ഷ്യത്തിലെത്തുക എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

രമേശന്‍ പിലിക്കോട്