Connect with us

International

യു എസ് ആരോഗ്യ മേഖലയിലെ തട്ടിപ്പ്: പ്രതിയായ ഇന്ത്യന്‍ ഡോക്ടര്‍ ജാമ്യം നേടിയത് റെക്കോഡ് തുകക്ക്

Published

|

Last Updated

ഹൂസ്റ്റണ്‍: ഓപിയം അടങ്ങിയ വേദനസംഹാരികള്‍ അനധികൃതമായി രോഗികള്‍ക്ക് നിര്‍ദേശിക്കുകയും വിതരണം ചെയ്യുകയും ചെയ്ത് വന്‍ തട്ടിപ്പു നടത്തിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് റെക്കോഡ് തുകക്ക് ജാമ്യം. 46 കോടി 40 ലക്ഷം യു എസ് ഡോളറിന്റെ തട്ടിപ്പു നടത്തിയ പ്രതിക്ക് 70 ലക്ഷം യു എസ് ഡോളര്‍ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പു നടത്തിയ രാജേന്ദ്ര ബോത്ര (77)യാണ് ജാമ്യം നേടിയത്. ഇയാളെ കൂടാതെ കേസിലെ പ്രതികളായ അഞ്ചു പേര്‍ കൂടി ജയിലിലാണ്. രോഗികളെ മയക്കുമരുന്നിന് അടിമയാക്കുകയും ഇതിലൂടെ സര്‍ക്കാറിന്റെ ആരോഗ്യ പദ്ധതികളെ തകര്‍ക്കുകയും ചെയ്ത് രാഷ്ട്രത്തിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതി ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചെങ്കിലും ജാമ്യമനുവദിക്കുകയായിരുന്നു. ബോത്രയുടെ ഭാര്യയുടെയും മകളുടെയും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ പല സര്‍ക്കാര്‍/സര്‍ക്കാറേതര പദ്ധതികളില്‍ പങ്കാളിയാണ് ബോത്ര. പാവപ്പെട്ടവര്‍ക്ക് സൗജന്യചികിത്സ ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് മാസത്തോളം അദ്ദേഹം ഇവിടെ തങ്ങാറുണ്ട്.