കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം; ബി ജെ പിയുടെ ധാര്‍മികാവകാശം ചോദ്യം ചെയ്ത് ശിവസേന

Posted on: January 16, 2019 3:07 pm | Last updated: January 16, 2019 at 4:40 pm

മുംബൈ: അഫ്‌സല്‍ ഗുരുവിനെ രക്തസാക്ഷിയെന്നു വിശേഷിപ്പിച്ച മെഹ്ബൂബ മുഫ്തിയുമായി സഖ്യമുണ്ടാക്കിയ ബി ജെ പിക്ക് കനയ്യകുമാറിനെതിരെ കുറ്റം ചുമത്താന്‍ എന്ത് ധാര്‍മികാവകാശമാണുള്ളതെന്ന് ശിവസേന. അഫ്‌സല്‍ ഗുരു സ്വാതന്ത്ര്യ സമര പോരാളിയാണെന്നും രക്തസാക്ഷിയാണെന്നുമൊക്കെ പറഞ്ഞ മെഹബൂബയുമായി സഖ്യം രൂപവത്കരിക്കാന്‍ ബി ജെ പിക്കു മടിയുണ്ടായില്ല. യഥാര്‍ഥത്തില്‍ അതാണ് ഏറ്റവും വലിയ കുറ്റം. എന്നാല്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കനയ്യകുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരിക്കുകയാണ് ബി ജെ പി. ശവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ തുറന്നെഴുതിയിരിക്കുന്നത്.

ജവഹര്‍ലാല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാര്‍ കാമ്പസില്‍ നടന്ന പരിപാടിയില്‍ അഫ്‌സല്‍ ഗുരുവിനെ അഭിവാദ്യം ചെയ്തുകൊണ്ടോ കശ്മീര്‍ സ്വതന്ത്രമാകണമെന്നു പറഞ്ഞോ മുദ്രാവാക്യം മുഴക്കിയിട്ടില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധിച്ച കനയ്യകുമാറിനും മറ്റുമെതിരെ കേസെടുക്കാന്‍ ബി ജെ പിക്കു യാതൊരു ധാര്‍മികാവകാശവും ഇല്ല- ലേഖനം വിശദമാക്കി.