ശബരിമല: കേരള സര്‍ക്കാറിന്റെത് ലജ്ജാകരമായ നിലപാട്, കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്- മോദി

Posted on: January 15, 2019 8:33 pm | Last updated: January 16, 2019 at 6:22 am

കൊല്ലം: ശബരിമല വിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഒരു സര്‍ക്കാറും പാര്‍ട്ടിയും സ്വീകരിക്കാത്ത തരംതാണ നിലപാടാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ആധ്യാത്മികതയെയും ബഹുമാനിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍, ശബരിമലയുടെ കാര്യത്തില്‍ ഇത്രയും ലജ്ജാകരമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് കരുതിയില്ല. കൊല്ലം പീരങ്കി മൈതാനത്ത് എന്‍ ഡി എ റാലിയില്‍ പ്രസംഗിക്കവെ പ്രധാന മന്ത്രി പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണ്. സംസ്ഥാനത്തെടുക്കുന്ന നിലപാടല്ല അവര്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കുന്നത്. ഇന്നു പറയുന്നതല്ല അവര്‍ നാളെ പറയുക. ഏതെങ്കിലുമൊരു നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പം നിന്ന ഏക പാര്‍ട്ടി ബി ജെ പി മാത്രമാണ്. ഇവിടുത്തെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാന്‍ ബി ജെ പി മാത്രമേയുള്ളൂ.

ഇന്ന് വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് പ്രധാന മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപത്തില്‍ ചൈനയെ മറികടക്കാനും നമുക്കായി. 50 കോടി പേരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, സ്റ്റാര്‍ട്ടപ്പുകളിലെ ഒന്നാം സ്ഥാനം, നിരവധി മൊബൈല്‍ നിര്‍മാണശാലകളും സംരംഭങ്ങളും തുടങ്ങാനായത് എന്നിവയെല്ലാം ബി ജെ പി സര്‍ക്കാറിന്റെ നേട്ടങ്ങളാണ്. ത്രിപുരയെ പോലെ കേരളത്തിലും ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.