ഉണരേണ്ടത് എപ്പോള്‍..? ഉണര്‍ന്നു കഴിഞ്ഞാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

Posted on: January 14, 2019 9:26 pm | Last updated: January 14, 2019 at 9:26 pm

ഒരു ദിവസം ആരംഭിക്കുന്നത് വെളുപ്പിന് നാല് മണിയോടെയാണ്. മറ്റുമെങ്കില്‍ ആ സമയത്തു തന്നെ ഉണരുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതിന് സാധിച്ചില്ലെങ്കില്‍ അഞ്ച് മണിക്കെങ്കിലും ഉണരുക. പ്രകൃതിയിലേക്ക് ഒന്നു ശ്രദ്ധിച്ചാല്‍ പക്ഷിമൃഗാദികള്‍ ഉണരുന്നതും ആ സമയത്ത് തന്നെയാണ് എന്നു കാണാം. ഈ സമയത്താണ് നമ്മുടെ മനസ്സും തലച്ചോറും കൂടുതല്‍ ഉണര്‍വ് കാണിക്കുന്നത്. അതുകൊണ്ടു തന്നെ പഠിത്തം, വ്യായാമം എന്നിവക്കും ഏറ്റവും അനുയോജ്യം പ്രഭാതമാണ്.

ഉറക്കത്തില്‍ നിന്നും ഉണര്‍ന്നതിന് ശേഷം കിടക്കയില്‍ തന്നെ രണ്ടോ മൂന്നോ മിനുട്ട് ഇരിക്കുക. ശേഷം എഴുന്നേല്‍ക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങുന്ന സമയം മുഴുവന്‍ ഹൃദയം ഏറ്റവും കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കിടക്കയില്‍ നിന്നും പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഹൃദയത്തിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിന് എതിരായി കൂടുതല്‍ ശക്തിയോടെ രക്തം പമ്പ് ചെയ്യേണ്ടി വരുന്നു. ഇത് രക്ത സമ്മര്‍ദത്തില്‍ പെട്ടെന്ന് വര്‍ധനവ് ഉണ്ടാക്കുന്നു. ഹൃദയാഘാത സാധ്യതയുള്ളവരില്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുവാന്‍ ഇത് കാരണമാകാം. പലര്‍ക്കും പുലര്‍ച്ചെ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണവും ഇതു തന്നെ. പ്രഭാതത്തില്‍ അല്‍പസമയം പ്രാര്‍ഥനയുമാകാം.

ഉണര്‍ന്നാല്‍ ഉടന്‍ തന്നെ ദന്തശുദ്ധി വരുത്തുന്നതിന് മുമ്പ് ബെഡ് കോഫി എന്ന പാശ്ചാത്യരീതി ആരോഗ്യത്തിന് നല്ലതല്ല. ഒരോ പ്രാവശ്യവും ഭക്ഷണം കഴിച്ചതിന് ശേഷം വായ്ക്കകം നന്നായി ശുചിയാക്കുന്നത് കൂടാത പ്രഭാതത്തിലും വൈകുന്നേരത്തെ ആഹാരത്തിന് ശേഷവും ദന്തശുദ്ധി ശരിയായ രീതിയില്‍ ചെയ്യണം.

വൈകീട്ട് ദന്തശുദ്ധി വരുത്തിയാല്‍തന്നെ രാത്രിയെ നീണ്ട ഉറക്ക സമയത്ത് വായില്‍ അണുക്കളുടെ എണ്ണം വര്‍ധിക്കുന്നു.
രാവിലെ പതിവായി കൃത്യസമയത്ത് തന്നെ മലമൂത്രവിസര്‍ജനം ചെയ്യണം. രാവിലെ ദന്തശുദ്ധിക്ക് ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കാനും ആരോഗ്യത്തിനും നല്ലതാണ്.

അടുത്ത പടിയായി കുറച്ച് സമയം വ്യായാമം ചെയ്യാം. വ്യായാമം വൈകീട്ടത്തേക്ക് മാറ്റിവെക്കുന്നവര്‍ക്ക് കുളിച്ച് ദേഹശുദ്ധി വരുത്താം. രാവിലെ തന്നെ അല്‍പസമയം നടക്കുന്നത് കാല്‍വണ്ണയിലുള്ള കോശങ്ങളിലേക്ക് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.