പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു

Posted on: January 14, 2019 6:49 pm | Last updated: January 14, 2019 at 6:49 pm

പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിഞ്ഞു. രാത്രിയോടെ തിരുവാഭരണം ചാര്‍ത്തിയുള്ള ഘോഷയാത്ര സന്നിധാനത്തെത്തി. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം സ്വീകരിച്ചു. ശ്രീകോവിലിന് മുന്നില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരരണം ഏറ്റുവാങ്ങി. ഇതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.

മകരജ്യോതി ദര്‍ശിക്കാനായി 28 ഓളം ഇടങ്ങളാണ് സജജീകരിച്ചിരുന്നത്. പമ്പയില്‍ ഗണപതി കോവിലിന് സമീപത്തുള്ള ഫോറസ്റ്റ് ഡോര്‍മെറ്ററിക്ക് മുന്‍വശം മാത്രമാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ക്കായി സജ്ജീകരിച്ചത്.

മകരജ്യോതി ദര്‍ശനവും മകരസംക്രമ പൂജക്കും മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മകരജ്യോതിയും തിരുവാഭരണമണിഞ്ഞുള്ള ദീപാരാധനയും തൊഴുന്നതിനായി ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി. പാണ്ടിത്താവളം ഭാഗത്താണ് പര്‍ണശാലകള്‍ ക്രമീകരിച്ചിരിച്ചത്. ശുദ്ധിക്രിയകളുടെ ഭാഗമായി തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ശനിയാഴ്ച പ്രാസാദശുദ്ധിയും ഇന്നലെ ബിംബ ശുദ്ധി ക്രിയകളും നടന്നിരുന്നു. ചതുര്‍ശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തിയഞ്ച് കലശം എന്നിവയാണ് നടന്നത്.