ഉത്തര്‍പ്രദേശിലെ വ്യാജ ഏറ്റുമുട്ടലുകള്‍ ഗൗരവതരം: സുപ്രീം കോടതി

Posted on: January 14, 2019 6:48 pm | Last updated: January 14, 2019 at 10:56 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി. ഫെബ്രുവരി 12ന് കേസില്‍ കോടതി വാദം കേള്‍ക്കും. ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

2017 ഫെബ്രുവരിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. യോഗി അധികാരത്തില്‍ വന്നതിന് ശേഷം 1300ഓളം ഏറ്റുമുട്ടലുകളിലായി 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.