Connect with us

Editorial

എല്ലാം സര്‍ക്കാറിന്റെ വരുതിയിലേക്ക്

Published

|

Last Updated

സുപ്രീം കോടതി, ആര്‍ ബി ഐ തുടങ്ങി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി ബി ഐയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയിലുമെല്ലാം സര്‍ക്കാര്‍ ശക്തമായി പിടിമുറുക്കിക്കഴിഞ്ഞുവെന്നാണ് ഇവയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങള്‍ വ്യക്താക്കുന്നത്. ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജി, സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കാണിച്ച തിടുക്കം, അലോക് വര്‍മയെ നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തിന് ജസ്റ്റിസ് സിക്രിയുടെ പിന്തുണ തുടങ്ങിയവയെല്ലാം ജനാധിപത്യ വിശ്വാസികളെ അലോസരപ്പെടുത്തുന്ന നടപടികളാണ്.

ആര്‍ ബി ഐയെ വരുതിയിലാക്കാനും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആര്‍ ബി ഐയുടെ കരുതല്‍ ധനത്തില്‍ നിന്നൊരു പങ്ക് കൈവശപ്പെടുത്താനുമുള്ള നീക്കത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് ഉര്‍ജിത് പട്ടേലിനെ പുകച്ചു പുറത്തു ചാടിച്ചത്. നോട്ട് നിരോധം ഉള്‍പ്പെടെ സര്‍ക്കാറിന്റെ നടപടികള്‍ക്കെല്ലാം പിന്തുണ നല്‍കി വന്നിരുന്ന ശക്തികാന്ത ദാസ് ആ പദവിയില്‍ നിയമിതനായതോടെ കരുതല്‍ ധനം വിട്ടു കൊടുക്കാന്‍ ആര്‍ ബി ഐ സന്നദ്ധമായതായാണ് വിവരം. അടുത്ത മാര്‍ച്ചോടെ അമ്പതിനായിരം കോടി രൂപ ഡിവിഡന്റായി നല്‍കാന്‍ തീരുമാനിച്ചതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. അടുത്ത മാസം ഒന്നിന് ബജറ്റ് അവതരണത്തിനു പിന്നാലെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ധനമന്ത്രാലയത്തിന്റെ വരുമാനത്തിലുണ്ടായ കുറവ് പരിഹരിക്കാനും ഡി ജി പിയില്‍ പ്രഖ്യാപിത വര്‍ധന നേടിയതായി സര്‍ക്കാറിന് അവകാശപ്പെടാനുമാകും. പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഈ കൃത്രിമ സാമ്പത്തിക നേട്ടം രാജ്യത്തിന്റെ കരുതല്‍ ശേഖരം ദുര്‍ബലമാക്കും.

രാജ്യത്ത് നീതിനിര്‍വഹണം ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട സുപ്രീംകോടതി അധികാര കേന്ദ്രങ്ങള്‍ക്ക് വിധേയപ്പെടുന്നതായി ജസ്റ്റിസ് ചെലമേശ്വറിനെ പോലുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചതാണ്. ജഡ്ജ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അപ്പാടെ തള്ളിയതടക്കം സമീപ കാലത്തെ സുപ്രീം കോടതിയുടെ പല വിധി പ്രസ്താവങ്ങളും ഈ ആശങ്കയെ ബലപ്പെടുത്തുന്നുണ്ട്. ഏറ്റവുമൊടുവില്‍ അലോക് വര്‍മയെ പുറത്താക്കാനുള്ള തീരുമാനത്തിനു കൂട്ടുനിന്ന ജസ്റ്റിസ് സിക്രിയുടെ നടപടിയും കോടതിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അലോക് വര്‍മക്കെതിരായ അഴിമതി ആരോപണങ്ങളില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നിരിക്കെ ജസ്റ്റിസ് സിക്രി എന്തുകൊണ്ടാണ് രൂക്ഷമായ വിവാദത്തിനിടയായ പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ചത്? അലോക് വര്‍മക്കെതിരെ, സി ബി ഐ ഉപമേധാവിയായിരുന്ന രാകേഷ് അസ്താന നല്‍കിയ പരാതികളെ ആധാരമാക്കി സി വി സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെളിവുകള്‍ ഇല്ലെന്നാണ് സി വി സി അന്വേഷണത്തെ നിരീക്ഷിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് എ കെ പട്‌നായിക് പറയുന്നത്. സ്ഥലം മാറ്റല്‍ നടപടി കൈകക്കൊള്ളുന്നതിന് മുമ്പായി ആരോപണങ്ങളെക്കുറിച്ച് അലോക് വര്‍മയുടെ പക്ഷം കേള്‍ക്കുകയെന്നത് സാമാന്യ മര്യാദയാണ്. അതുപോലും സി വി സി കാണിച്ചില്ല.

സി ബി ഐയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ അതിന്റെ ഉന്നതതലങ്ങള്‍ക്കിടയിലുള്ളവരുടെ ചേരിപ്പോരിന്റെയും കുടിപ്പകയുടെയും അനന്തര ഫലമാണെന്നാണ് സര്‍ക്കാര്‍ പക്ഷം. ചില മുഖ്യധാരാ മാധ്യമങ്ങളും കാര്യങ്ങളെ ഈ നിലയില്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ താത്പര്യത്തിന് വിരുദ്ധമായി ഭരണത്തിലെ ഉന്നതര്‍ അകപ്പെട്ട റാഫേല്‍ ആയുധ ഇടപാട് പോലെയുള്ള കേസുകളുടെ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അലോക് വര്‍മ തീരുമാനിച്ചപ്പോഴാണ് അദ്ദേഹത്തെ തെറിപ്പിച്ചത്. ഇതുപോലെ ഉന്നത രാഷ്ട്രീയ നേതാക്കളും ബിസിനസ് മേധാവികളും നടത്തിവന്നിരുന്ന കരിമ്പണം വെളുപ്പിക്കലിനെതിരെ അന്വേഷണത്തിനു മുതിര്‍ന്നപ്പോള്‍, എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വറിനെ കള്ളക്കേസില്‍ കുടുക്കി നിര്‍വീര്യനാക്കാനുള്ള ശ്രമവും നടന്നിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു തൊട്ടേ തുടങ്ങിയതാണ് ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ സി ബി ഐയിലേക്കു തള്ളിക്കയറ്റി അന്വേഷണ ഏജന്‍സിയെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍. ഗുജറാത്ത് കലാപം അന്വേഷിച്ച് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വൈ സി മോദി, ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച എ കെ ശര്‍മ, ഗുജറാത്ത് വംശഹത്യാ കേസില്‍ മോദിയെ കുറ്റമുക്തനാക്കുന്നതിലേക്ക് നയിച്ച അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട രാകേഷ് അസ്താന തുടങ്ങി ഈ സര്‍ക്കാര്‍ വന്ന ശേഷം സി ബി ഐയുടെ ഉന്നത സ്ഥാനങ്ങളിലേക്കു ഗുജറാത്ത് കേഡറില്‍ നിന്നുള്ള ഏഴ് പേരെയാണ് നിയമിച്ചത്. അഡീഷനല്‍ ഡയറക്ടറായി വന്ന അസ്താനക്ക് ഡയറക്ടര്‍ പദവി നല്‍കുന്നതിനായി സീനിയോറിറ്റിയുണ്ടായിരുന്ന ആര്‍ കെ ദത്തയെ തട്ടകം മാറ്റിയതിനെതിരെ പ്രശാന്ത് ഭൂഷണ്‍ കോടതിയെ സമീപിച്ചതോടെയാണ് അലോക് വര്‍മയെ ഡയറക്ടറാക്കിയത്. അലോകിനെ വരുതിയില്‍ കിട്ടുന്നില്ലെന്ന് ബോധ്യമായതോടെയാണ് അദ്ദേഹത്തിനെതിരെ കരുനീക്കം തുടങ്ങിയത്. ഭരണകൂട ഭീകരതയാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന മുഖ്യഭീഷണികളിലൊന്ന്. അന്വേഷണ ഏജന്‍സികള്‍ക്കും നിയമപീഠങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടായെങ്കിലേ ഒരളവോളമെങ്കിലും ഇതിനെ പ്രതിരോധിക്കാനാകുകയുള്ളൂ. എല്ലാം ഭരണകൂടത്തിന് കീഴ്‌പ്പെടുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും.