മിസിരി പള്ളി പൊളിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

Posted on: January 12, 2019 10:29 am | Last updated: January 12, 2019 at 10:29 am

പൊന്നാനി: പൊന്നാനിയിലെ ചരിത്ര പ്രസിദ്ധമായ മിസിരി പള്ളി പൊളിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ചരിത്രകാരന്മാരടക്കം നിരവധി ആളുകളും സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിസിരി പള്ളി പൊളിച്ചത് ചരിത്രത്തോട് ചെയ്ത ക്രൂരതയെന്ന് പ്രമുഖ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പറഞ്ഞു.

ഭാവിതലമുറയോടുള്ള ഒരു ജനതയുടെ കരുതലാണ് ഇത്തരം ചരിത്ര സ്മാരകങ്ങള്‍. അതൊന്നും ഒരു ദിവസം ഇല്ലാതായിപ്പോകുന്നത് വലിയ വേദനയുണ്ടാക്കുന്നുവെന്നും സ്പീക്കറുടെ പൈതൃക സംരക്ഷണ പദ്ധതി യാഥാര്‍ഥ്യമാകാന്‍ കടമ്പകളേറെയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപക എതിര്‍പ്പിനെതുടര്‍ന്ന് പള്ളി പൊളിക്കുന്നത് പാതിവഴിയില്‍ നിര്‍ത്തിവെച്ചെങ്കിലും പഴയ സ്ഥിതിയിലാക്കാന്‍ കമ്മിറ്റിക്കാര്‍ക്ക് താത്പര്യമില്ല. പ്രാര്‍ത്ഥനക്ക് സൗകര്യമില്ലാത്തതിനാലാണ് പള്ളി വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്മിറ്റി ഭാരവാഹികള്‍ വിശദീകരിക്കുന്നത്. ഇതിനുപുറമേ ഈ പള്ളിയെ പൈതൃക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പള്ളി പൊളിച്ചതിനെതിരെ ഒരുവിഭാഗം നാട്ടുകാരും ചരിത്രകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്. പള്ളികമ്മിറ്റി ഭാരവാഹികള്‍ നഗരസഭാ ചെയര്‍മാനുമായി കൂടിയാലോചന നടത്തിയിരുന്നു. ഇതില്‍ പളളിയുടെ വിപുലീകരണം ഒഴിച്ചുകൂടാനാകാത്തതാണെന്നാണ് വിശദീകരിച്ചിട്ടുള്ളത്.

അതേസമയം നാല് ഏക്കറിലധികം വിശാലമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളിക്ക് വിപുലീകരണത്തിന് വേണ്ടി മറ്റൊരിടത്ത് കെട്ടിടം പണിയാമെന്നും ചരിത്ര സൂക്ഷിപ്പായ പള്ളിയെ അതേനിലയില്‍ തന്നെ നിലനിര്‍ത്തണമെന്നുമാണ് സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊളിച്ച പള്ളി പൂര്‍വസ്ഥിതിയിലാക്കും വരെ വിശ്രമമില്ലെന്നാണ് വിവിധ ചരിത്രകാരമാരുടെയും നാട്ടുകാരുടെയും തീരുമാനം. ഇതിനായി വിവിധ ചരിത്രകാരന്മാരെയും നാട്ടുകാരെയും ഉള്‍കൊള്ളിച്ച് പൈതൃക സംരക്ഷണ സമിതി രൂപവത്കരിക്കാനും ആലോചനയിലുണ്ട്. സ്പീക്കര്‍ വിഭാവനം ചെയ്യുന്ന മുസരിസ് മാതൃകയിലുള്ള പൈതൃക സംരക്ഷണ പദ്ധതി ഇനിയും യാഥാര്‍ഥ്യമാവാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഒരു ആലോചനയോഗം മാത്രമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം പള്ളി ജീര്‍ണിച്ചു തുടങ്ങിയെന്ന പ്രചരണം വസ്തുതക്ക് നിരക്കാത്തതാണെന്ന് പള്ളിയുടെ സമീപത്ത് താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. നാല് വര്‍ഷം കൂടുമ്പോള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ് ഈ പള്ളിയെന്നും പള്ളി ടെറസാക്കി മാറ്റാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.