Connect with us

Editorial

ആയുധ വേട്ടകള്‍

Published

|

Last Updated

മാരകായുധങ്ങളുടെ ശേഖരമാണ് ബുധനാഴ്ച നെടുമങ്ങാട് ആര്‍ എസ് എസ് ജില്ലാ കാര്യാലയത്തില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഈ മാസം മൂന്നിന് സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ കലാപത്തിന് നേതൃത്വം നല്‍കിയ ആര്‍ എസ് എസ് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെ അന്വേഷിച്ചെത്തിയപ്പോഴാണ് മേലാങ്കാട് ദേവീക്ഷേത്രത്തിനു സമീപത്തെ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്ന് വാളുകള്‍, കഠാരകള്‍, ആണികള്‍ തറച്ച കുറുവടി, ദണ്ഡുകള്‍, ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയവ കണ്ടെത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാടും പരിസരങ്ങളിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഹര്‍ത്താലിനിടെ പ്രവീണ്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും ആയുധശേഖരങ്ങള്‍ മുമ്പും പലപ്പോഴും പിടിച്ചെടുത്തിട്ടുണ്ട്. 2017 ജൂണില്‍ പയ്യന്നൂര്‍ കോറോം ബി ജെ പി കേന്ദ്രത്തില്‍ നിന്ന് ബോംബ്, വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഒക്‌ടോബറില്‍ ബി ജെ പി കണ്ണുര്‍ ഓഫീസ് പരിസരത്ത് ഒളിപ്പിച്ച എസ് കത്തി, വാളുകള്‍, ഇരുമ്പ് പൈപ്പുകള്‍ തുടങ്ങിയ ആയുധങ്ങളുടെ വലിയൊരു ശേഖരവും പോലീസ് പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പാനൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് സമീപത്തുനിന്നും വടിവാളുകള്‍, ഇരുമ്പ് പൈപ്പുകള്‍ തുടങ്ങി ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സൂക്ഷിച്ചതെന്നു കരുതപ്പെടുന്ന ആയുധങ്ങള്‍ കാവി തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പ് കുറ്റിപ്പുറം ഭാരതപ്പുഴയില്‍ നിന്ന് കണ്ടെടുത്ത മൈനുകളുടെ ശേഖരവും ആര്‍ എസ് എസുമായി ബന്ധപ്പെട്ടതാണെന്നാണ് കരുതുന്നത്. ചന്ദ്രാപ്പൂരിലുള്ള ആര്‍മിയുടെ ബോംബ് നിര്‍മാണശാലയില്‍ നിര്‍മിച്ച് പുല്‍ഗാവിലെയും പൂനെക്കടുത്ത ദഹുറോഡിലെ ആയുധപ്പുരയിലേക്കും കൈമാറിയതാണ് ഈ മൈനുകളെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മലേഗാവിലും സംജോത എക്‌സ്പ്രസിലും മറ്റും സ്‌ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്ന് കടത്തിയ സ്‌ഫോടക വസ്തുക്കളായിരുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ബി ജെ പി, ആര്‍ എസ് എസ് അജന്‍ഡ വ്യക്തമായിക്കഴിഞ്ഞതാണ്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ തന്നെ ഇത് സംബന്ധിച്ചു പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കലാപങ്ങള്‍ സൃഷ്ടിച്ച് കേരളത്തില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ലെന്ന് പ്രചാരണം നടത്തി ബി ജെ പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് അവരുടെ പദ്ധതി. ശബരിമല വിഷയത്തെ ചൊല്ലി അഴിച്ചു വിട്ട കലാപത്തില്‍ ഒരു രക്തസാക്ഷിയെ സൃഷ്ടിക്കാനായിരുന്നു സംഘ്പരിവാര്‍ പദ്ധതിയെന്നും പോലീസിന്റെ സംയമന സമീപനത്തെ തുടര്‍ന്നാണ് അത് പരാജയപ്പെട്ടതെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ആയുധ നിര്‍മാണത്തിലും ഉപയോഗത്തിലും ബി ജെ പിയും ആര്‍ എസ് എസുമാണ് മുന്‍പന്തിയിലെങ്കിലും സി പി എം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, എസ് ഡി പി ഐ തുടങ്ങി മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മോശമല്ല. പാനൂര്‍ കല്ലിക്കണ്ടിയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി സുബീഷ്, ഷൈജു എന്നീ സി പി എം പ്രവര്‍ത്തകര്‍ മരണപ്പെടുകയും പിണറായിയിലെ എരുവട്ടിയില്‍ അങ്കണവാടി കെട്ടിടത്തില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കണ്ണൂരില്‍ ഇരിട്ടി മുസ്‌ലിം ലീഗ് ഓഫീസിന് സമീപത്തെ കെട്ടിടത്തില്‍ സ്‌ഫോടനം നടന്നതും തുടര്‍ന്ന് നടന്ന റെയ്ഡില്‍ ലീഗ് ഓഫീസില്‍ നിന്നും നിരവധി മാരകായുധങ്ങള്‍ പിടിച്ചെടുത്തതും. 2011 ഫെബ്രുവരി 26ന് നാദാപുരം നരിക്കാട്ടേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏഴ് പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതാണ് കേരളത്തിലെ രാഷ്ട്രീയ മേഖലയിലെ ബോംബ് സ്‌ഫോടനത്തിലെ ഏറ്റവും വലിയ ദുരന്തം. നിര്‍മാണത്തിനിടെ പൊട്ടി കൈപ്പത്തികള്‍ പാടേ തകര്‍ന്നു പോയ സംഭവങ്ങള്‍ നിരവധിയാണ്. എല്ലാ പാര്‍ട്ടിക്കാരിലുമുണ്ട് ഇത്തരം ഹതഭാഗ്യര്‍.

സംസ്ഥാനത്തെ പല പാര്‍ട്ടിക്കാര്‍ക്കും രാഷ്ട്രീയ ഗുണ്ടകളും ആയുധ ശേഖരവുമുണ്ടെന്നത് ഒരു രഹസ്യമല്ല. സ്ഥിരം സംഘര്‍ഷ പ്രദേശങ്ങളില്‍ വിശേഷിച്ചും. സി പി എം രക്തസാക്ഷികളുടെയും ബി ജെ പി ബലിദാനികളുടെയും ലീഗിന്റെയും എസ് ഡി പി ഐയുടെയും രാഷട്രീയ ശഹീദുകളുടെയും നാടാണ് കണ്ണൂര്‍. ആളൊഴിഞ്ഞ പറമ്പുകളും വീടുകളുമൊക്കെ ഇവിടെ ബോംബ് നിര്‍മാണ കേന്ദ്രങ്ങളുമാണ്. ബി ജെ പിയേതര രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനാണ് ആയുധങ്ങള്‍ നിര്‍മിക്കുന്നതും ശേഖരിക്കുന്നതുമെങ്കില്‍ ബി ജെ പിയും ആര്‍ എസ് എസും സംസ്ഥാനത്ത് കലാപവും വര്‍ഗീയ സംഘര്‍ഷവും സൃഷ്ടിക്കാനാണ് അതുപയോഗിക്കുന്നത്. സംസ്ഥാനത്ത് നിര്‍മിക്കുന്ന ആയുധങ്ങള്‍ക്ക് പുറമെ ഉത്തരേന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയുധങ്ങളുമുണ്ട് സംഘ്പരിവാറിന്റെ വശമെന്നാണ് മാധ്യമ വാര്‍ത്തകള്‍. തീവ്രവാദവും ഭീകരവാദവും ഭരണകൂടങ്ങള്‍ മതങ്ങളുടെ മേല്‍ കെട്ടിവെക്കാറാണ് പതിവ്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഭീകരര്‍ രാഷ്ട്രീയക്കാരാണെന്നാണ് ആയുധ വേട്ടകളുടെ ഇത്തരം കഥകള്‍ വിളിച്ചു പറയുന്നത്.