രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി യുഎഇ പ്രധാനമന്ത്രി

Posted on: January 11, 2019 8:51 pm | Last updated: January 12, 2019 at 9:31 am

ദുബൈ: യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. വസതിയിലെത്തിയ രാഹുലിനെ പ്രധാനമന്ത്രിയും പത്‌നിയും ചേര്‍ന്ന് സ്വീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവര്‍ രാഹുലിനെ അനുഗമിച്ചു.

കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, ദുബൈയിലെ ഇന്ത്യന്‍ തൊഴിലാളികളുമായി രാഹുല്‍ സംവദിച്ചു. ജബല്‍ അലിയിലെ തൊഴിലാളികളുടെ ക്യാമ്പിലായിരുന്നു പരിപാടി. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സാം പിത്രോഡ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

എം എ യൂസുഫലി, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയ
ഗള്‍ഫിലെ മലയാളി വ്യവസായികള്‍ അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമായിരുന്നു രാഹുല്‍ പ്രഭാത ഭക്ഷണം കഴിച്ചത്. ദുബൈയില്‍ രാഹുല്‍ താമസിക്കുന്ന ഹോട്ടല്‍ ജുമൈറയിലായിരുന്നു വ്യവസായ പ്രമുഖരുടെ സന്ദര്‍ശനം.