എസ്ബിഐ ബ്രാഞ്ച് ആക്രമണം: എന്‍ജിഒ യൂനിയന്‍ സംസ്ഥാന നേതാവിന്റെ പങ്ക് പോലീസ് സ്ഥിരീകരിച്ചു

Posted on: January 11, 2019 6:12 pm | Last updated: January 11, 2019 at 8:56 pm

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ പങ്കെടുക്കാതെ തുറന്ന എസ് ബി ഐ മെയിന്‍ ട്രഷറി ശാഖ ആക്രമിച്ച കേസില്‍ എന്‍ജിഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും കുടുങ്ങും. ബേങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സുരേഷ് ബാബുവിന്റെ പങ്ക് സ്ഥിരീകരിച്ചു. കേസില്‍ ഉള്‍പ്പെട്ട എന്‍ജിഒ യൂനിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി. വകുപ്പ് തല നടപടിയുമുണ്ടാകും. സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം എസ് സുരേഷ് കുമാര്‍ തുടങ്ങി 13 പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എന്‍ ജി ഒ യൂനിയന്റെ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്‍ ജി ഒ യൂനിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് ഹരിലാല്‍. ഇയാള്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ അറ്റന്‍ഡറാണ്. ഹരികുമാര്‍ ആണ് ഒന്നാം പ്രതി. എന്‍ ജി ഒ യൂനിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറിയാണ് അശോകന്‍. ഇയാള്‍ ട്രഷറി ഡയറക്ടറേറ്റിലേ ഉദ്യോഗസ്ഥനാണ്.

രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. സമരക്കാര്‍ ബുധനാഴ്ച മാനേജരുടെ ക്യാബിന്‍ അടിച്ചുതകര്‍ത്തിരുന്നു. ക്യാബിനിലെ മേശ അടിച്ച് തകര്‍ച്ച് കമ്പ്യൂട്ടര്‍ എടുത്ത് നിലത്തടിച്ചു, ഫോണ്‍ വലിച്ചു പൊട്ടിച്ചു നിലത്തിടുകയും മേശയിലെ ഗ്ലാസ് തല്ലിതകര്‍ക്കുകയുമായിരുന്നു. ഇരുവരും എസ് ബി ഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബേങ്കിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പണിമുടക്കിന്റെ ആദ്യദിനമായ ചൊവ്വാഴ്ച മുടക്കം കൂടാതെ പ്രവര്‍ത്തിച്ച ശാഖയാണിത്. ബേങ്കിലെ 52 ജീവനക്കാരില്‍ നാല് പേര്‍ മാത്രമാണ് പണിമുടക്കിയിരുന്നത്.