മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്‌; വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

Posted on: January 11, 2019 4:46 pm | Last updated: January 11, 2019 at 7:16 pm

ചണ്ഡീഗഡ്: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി. പഞ്ച്കുല സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മിത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗുര്‍മിതിനൊപ്പം സിബിഐ അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ജനുവരി 17ന് ശിക്ഷ വിധിക്കും.

2002 നവംബര്‍ രണ്ടിനാണ് രാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ടത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മിത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് രാം ചന്ദറിനെ ഗുര്‍മിത് കൂട്ടാളികളെ വിട്ട് വധിച്ചുവെന്നാണ് കേസ്. ആശ്രമത്തിലെ രണ്ട് അന്തേവാസികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മിത് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്. 2018 ജനുവരി 17നാണ് ഗുര്‍മിതിനെ അറസ്റ്റ് ചെയ്തത്.

2017ല്‍ ഗുര്‍മീതിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പഞ്ച്കുല കോടതി വിധി പറഞ്ഞപ്പോള്‍ ഉണ്ടായ കലാപത്തില്‍ 40ല്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയത്. അത്തരമൊരും സാഹചര്യം ഒഴിവാക്കുന്നതിനായി ഗുര്‍മിതിനെ വീഡിയോ കോള്‍ വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്.