Connect with us

Articles

ആരോഗ്യ മേഖലയില്‍ കേരളം അഖിലേന്ത്യാ നിലവാരത്തിലേക്കോ?

Published

|

Last Updated

ആഗോളീകരണ ഉദാരീകരണ കാലത്ത് കേരള വികസന മാതൃകയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുതിയ ദിശകളിലേക്ക് നീങ്ങുതായി നമുക്ക് കാണാം. നവോത്ഥാനത്തെ പിന്‍പറ്റി കേരള വികസന മാതൃക രൂപം കൊണ്ടു എന്നാണ് പൊതുവെയുള്ള ഇടതുപക്ഷ വ്യാഖ്യാനം. എന്നാല്‍, സാമൂഹിക മേഖലകളില്‍ പലയിടത്തും കേരള വികസനമാതൃക എന്നത് ഒരു മിഥ്യയാണെന്ന് ആദിവാസി ദളിത് സ്ത്രീ മുന്നേറ്റങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിയാത്ത നിരവധി വിഭാഗങ്ങള്‍ ഇവിടെയുണ്ട് എന്ന് വിളിച്ചു പറയുന്നവയാണ് ഭൂമിക്കും തുല്യതക്കും വേണ്ടിയുള്ള ഈ സമരങ്ങള്‍. അതുകൊണ്ട് തന്നെ ആ വികസന മാതൃകയില്‍ മതിമറന്ന് ഇനി കേരളത്തില്‍ ഒന്നും ചെയ്യാനില്ല എന്ന അവരുടെ കുറ്റകരമായ അലംഭാവം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.

ശബരിമല വിഷയം വന്നപ്പോള്‍ നവോത്ഥാനം സംബന്ധിച്ചുള്ള നമ്മുടെ മിഥ്യാബോധവും തകര്‍ന്നിരിക്കുന്നു. പക്ഷേ, നമ്മുടെ ചര്‍ച്ചകള്‍ ദിശ തെറ്റി കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളിലേക്കും വിവാദങ്ങളിലേക്കുമാണ് പോയത് എന്നത് മറ്റൊരു വിഷയം. എങ്കിലും നമ്മുടെ സംസ്ഥാനത്തിന്റെ പല സൂചികകളും വെച്ചുകൊണ്ട് ആരോഗ്യ മേഖലയില്‍ നാം ഏറെ മുന്നിലാണെന്ന് അഭിമാനിച്ചിരുന്നു. ഇവിടെയും ആദിവാസികളുടെ സ്ഥിതിവിവരക്കണക്കുകളും നാട്ടിലെങ്ങും ചികിത്സാ സഹായം തേടിയുള്ള അഭ്യര്‍ഥനകളും തെരുവോര ഗായകരുമെല്ലാം പലരെയും അലട്ടിയിരുന്നു. എങ്കിലും നാം അഖിലേന്ത്യ ശരാശരിയേക്കാള്‍ വളരെ മുന്നിലെന്ന് സ്വയം വിശ്വസിച്ചുപോന്നു.
എന്നാല്‍, കേരളത്തിന്റെ പ്രസിദ്ധമായ ആരോഗ്യമാതൃക ദേശീയ നിലവാരത്തിലേക്ക് താഴുകയാണോ എന്ന സംശയം ഉന്നയിച്ചാല്‍ അത് പറയുന്നവരെ ചിലപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജന്റുമാര്‍ എന്ന് വിളിച്ചേക്കാം. എങ്കിലും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത് വെച്ചുനോക്കിയാല്‍ കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യമാതൃകയില്‍ വലിയ വ്യത്യാസമില്ല എന്ന് കാണാം. എന്താണ് കേരളവികസന മാതൃകയുടെ ഭാഗമായുള്ള ആരോഗ്യ മാതൃക? ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പൊതുപങ്കാളിത്തം അഥവാ സര്‍ക്കാര്‍ മുതല്‍ മുടക്ക് വര്‍ധിച്ചിക്കുന്നു എന്നത് തന്നെയാണ്. സര്‍ക്കാര്‍ ഈ മേഖലകളില്‍ കൂടുതല്‍ പണം മുടക്കുന്നു. അതുവഴി പൊതുസമൂഹത്തിന്റെ നിലവാരത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ടിവരുന്ന സ്വകാര്യ ചെലവ് കുറയുന്നു. അത്തരം സേവനദാതാക്കളുടെ കൊള്ളയില്‍ നിന്ന് ദാരിദ്രരെങ്കിലും രക്ഷപ്പെടുന്നു. പക്ഷേ, ഈയിടെ പുറത്തുവിട്ട നാഷനല്‍ ഹെല്‍ത്ത് അക്കൗണ്ട്‌സ് എന്ന സ്ഥാപനം നടത്തിയ സര്‍വേയില്‍ കാണുന്ന കണക്ക് കേരളത്തിന്റെ ഈ അവകാശവാദങ്ങള്‍ ശരിവെക്കുന്നില്ല. 20 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടാണ് നമ്മുടെ മുന്നിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രി അനുപ്രിയ പട്ടേല്‍ പാര്‍ലിമെന്റിന് മുന്നില്‍ വെച്ച കണക്കാണിത്. 2002ലെ ദേശീയ ആരോഗ്യനയം അനുസരിച്ച് 2010 ആകുമ്പോള്‍ ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ (കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന്) മുതല്‍മുടക്ക് രാജ്യത്തെ മൊത്ത ഉത്പാദന മൂല്യത്തിന്റെ (ജി ഡി പി)രണ്ട് ശതമാനം എങ്കിലും ആക്കണം എന്നായിരുന്നു. 2004ലെ യു പി എ സര്‍ക്കാറാകട്ടെ അത് 23 ശതമാനമാക്കണമെന്ന ലക്ഷ്യം തിരുത്തി. എന്നാല്‍, 2017 മാര്‍ച്ച് അവസാനിക്കുമ്പോഴത്തെ കണക്ക് വെച്ചുകൊണ്ട് പറഞ്ഞാല്‍ 12-ാം പദ്ധതി അവസാനിക്കുമ്പോള്‍ ഇത് 1.87 മാത്രമായിരിക്കും എന്നാണ് കരുതുന്നത്. ഇത് തന്നെ സാധ്യമാകും എന്ന ഉറപ്പില്ല. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെക്കാള്‍ വളരെ താഴ്ന്നതാണ് ഇന്ത്യയിലെ ആരോഗ്യരംഗത്തെ സര്‍ക്കാര്‍ പങ്ക് എന്ന് വ്യക്തം. ഇന്ത്യയില്‍ ഒരു രൂപ ചികിത്സക്കായി മുടക്കുമ്പോള്‍ അതിന്റെ 70 ശതമാനവും സ്വകാര്യ മുതല്‍ മുടക്കാണ്. ബാക്കി 30 മാത്രമേ സര്‍ക്കാറിന്റേതായുള്ളൂ. ആഗോളതലത്തില്‍ സ്വകാര്യ ചെലവ് വെറും 18.2 ശതമാനം മാത്രമാണ്. നാം ദാരിദ്ര്യം എന്ന് വിളിക്കുന്ന രാജ്യങ്ങളുടെ കണക്ക് പോലും ഇതിനേക്കാള്‍ വളരെ കൂടുതലാണ്. സര്‍ക്കാര്‍ ചെലവിന്റെ മൂന്നില്‍ ഒന്നില്‍ താഴെ മാത്രമാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പങ്കുള്ളത്. ബാക്കി സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. 2015-16ല്‍ ഇന്ത്യയിലെ മൊത്തം ആരോഗ്യ ചെലവ് ആറ് ലക്ഷം കോടിയാണെങ്കില്‍ അതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പങ്ക് 1,40,000 കോടി മാത്രം.
ഇനി നമുക്ക് സംസ്ഥാനങ്ങളിലേക്ക് വരാം. യു പി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ മൊത്തം ചെലവ് സംസ്ഥാന മൊത്ത ഉത്പാദന മൂല്യത്തിന്റെ (ജി എസ് ഡി പി) അഞ്ച് ശതമാനമാകുമ്പോള്‍ അതില്‍ സര്‍ക്കാറുകളുടെ പങ്ക് കേവലം 1 .3 ശതമാനം മാത്രം. ചികിത്സാ ചെലവുകളില്‍ വലിയ തോതിലുള്ള വര്‍ധനവുണ്ടായിട്ടും ഇതാണ് സ്ഥിതിയെങ്കില്‍ പ്രശ്‌നം വളരെ ഗുരുതരമാണ്. ഗോരഖ്പൂരില്‍ നൂറ് കണക്കിന് കുട്ടികള്‍ പ്രാണവായു കിട്ടാതെ മരിച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. മോദി മഹത്തായ വികസന മാതൃകയായി ചൂണ്ടിക്കാട്ടുന്ന ഗുജറാത്തില്‍ മൊത്തം ആരോഗ്യചെലവ് ജി എസ് ഡി പിയുടെ രണ്ട് ശതമാനം മാത്രം. അതില്‍ കേവലം 0 .8 ശതമാനം മാത്രമാണ് സര്‍ക്കാറിന്റെ പങ്ക്.
ആരോഗ്യ മേഖലയില്‍ പൊതു മുതല്‍മുടക്ക് ഏറെ ഉയര്‍ന്നതാകും എന്ന് കരുതിയ കേരളത്തിന്റെ അവസ്ഥയും വ്യത്യസ്തമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യ മേഖലയില്‍ മൊത്തം ചെലവ് മൊത്ത ഉത്പാദനത്തിന്റെ 4.5 ശതമാനമാണ് കേരളത്തിലേതെങ്കില്‍ അതില്‍ സര്‍ക്കാര്‍ പങ്ക് കേവലം ഒരു ശതമാനം മാത്രം. ബാക്കി എല്ലാം സ്വന്തം പോക്കറ്റില്‍ നിന്നാണ്. ഇങ്ങനെയായിട്ടും കേരളത്തിലെ ആരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു എങ്കില്‍ അത് സ്വകാര്യമായി പണം മുടക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടെന്നതാണ്. ഗള്‍ഫ് വരുമാനവും നാണ്യവിളകളില്‍ നിന്ന് കിട്ടുന്ന വരുമാനവുമെല്ലാം അതിനു സഹായിക്കുന്നു. ഈ വരുമാനങ്ങളില്‍ കുറവുണ്ടായാല്‍ കേരളത്തിന്റെ ആരോഗ്യ രംഗം തകരും എന്ന് തീര്‍ച്ച. ശരാശരി മലയാളി കുടുംബത്തില്‍ ഭക്ഷണച്ചെലവിനേക്കാള്‍ അധികമാണ് ആരോഗ്യചെലവെന്ന സത്യം ഇനി മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. ഇവിടെ രോഗാതുരത വര്‍ധിക്കുന്നു. മരുന്നാശ്രിത ജീവിതമായി നമ്മുടെ ജീവിതം മാറിയിരിക്കുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ ഇന്ന് കൊടിയ ചൂഷണങ്ങള്‍ക്ക് സാധ്യതയുള്ള ഒരു ലാഭാധിഷ്ഠിത വ്യാപാരമാണ്.

ആരോഗ്യമേഖലയില്‍ കേരളത്തെക്കാള്‍ വളരെ ഉയര്‍ന്ന പൊതു മുതല്‍മുടക്കുള്ള സംസ്ഥാനമാണ് ജമ്മു കശ്മീര്‍. അവിടെ സര്‍ക്കാര്‍ മുടക്കുന്നത് ജി എസ് ഡി പിയുടെ 1.7 ശതമാനമാണ്. മൊത്തം ചെലവ് 4 .2 ശതമാനവും. ഈ പഠനത്തില്‍ വന്നിട്ടില്ലെങ്കിലും സ്വതന്ത്രമായ ചില പഠനങ്ങള്‍ അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആരോഗ്യ മേഖലയിലെ പൊതു മുതല്‍മുടക്ക് ഏറ്റവുമധികം ഉയര്‍ന്ന സംസ്ഥാനം ഡല്‍ഹിയാണ്. ഇതില്‍ അത്ഭുതമില്ല. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മറ്റു സേവനങ്ങളുടെയും മേഖലകളില്‍ മറ്റൊരു സംസ്ഥാനവുമായി താരതമ്യമില്ലാത്ത വിധത്തില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് നടത്തുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ എന്ന വസ്തുത അവരെ എതിര്‍ക്കുന്നവര്‍ പോലും സമ്മതിക്കുന്നു. ഉദാരീകരണത്തിന്റെ കാലത്ത് എല്ലാ സര്‍ക്കാറുകളും സേവനമേഖലയില്‍ നിന്നും പുറകോട്ടു പോകുമ്പോള്‍, സേവനങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുന്നു എന്നതാണ് അനുഭവം. ഉദാരീകരണത്തെ എതിര്‍ക്കുന്നു എന്ന് പ്രസംഗിക്കുന്നവരും ഭരണം കിട്ടിയാല്‍ അതേ നയങ്ങള്‍ പിന്തുടരുമ്പോള്‍ അതില്‍ നിന്നും നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ട് എന്നത് മാര്‍ഗദര്‍ശകമാണ്. അത് തന്നെയാണ് ആഗോളവത്കരണത്തിനെതിരായ ശരിയായ പോരാട്ടം.