പൗരത്വ ബില്ലിലെ അപകടം

Posted on: January 11, 2019 11:07 am | Last updated: January 11, 2019 at 11:07 am

ഭരണഘടന വിഭാവന ചെയ്യുന്ന മതേതര മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് കഴിഞ്ഞ ദിവസം ലോക്‌സഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍. ഇന്ത്യയെപ്പോലെ ബഹുസ്വരമായ രാജ്യത്ത് പൗരത്വം മതത്തിനോ ദേശത്തിനോ ജാതിക്കോ ഭാഷക്കോ ലിംഗത്തിനോ സാമ്പത്തിക നിലവാരത്തിനോ അതീതമായ ഒന്നാണ്. ചിലരുടെ പൗരത്വം ഉത്കൃഷ്ടവും മറ്റുള്ളവരുടേത് അധമവുമെന്ന ഏര്‍പ്പാട് ഇവിടെയില്ല. ഒരു പരിഷ്‌കൃത രാജ്യത്തും അത്തരം വകഭേദങ്ങള്‍ അംഗീകരിക്കാനുമാകില്ല. ചില മതസ്ഥര്‍ക്ക് ഇന്ത്യന്‍ പൗരത്വം എളുപ്പത്തില്‍ കരഗതമാക്കുന്നതും മറ്റു ചിലര്‍ക്ക് അത് നിഷേധിക്കുന്നതുമാണ് പൗരത്വ ഭേദഗതി ബില്‍. ജനാധിപത്യ, മതേതര കക്ഷികള്‍ ശക്തമായി ചെറുത്തു തോല്‍പ്പിക്കേണ്ട വര്‍ഗീയ അജന്‍ഡയാണിത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്‍മാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി ബില്‍-2019. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക.
ലോക്‌സഭ ബില്‍ പരിഗണിച്ചപ്പോള്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപി എമ്മും അടക്കമുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്തു. ജനങ്ങളെ വിഭജിക്കുന്ന ബില്ല് 1985ലെ അസാം അക്കോര്‍ഡിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഖേ ചൂണ്ടിക്കാട്ടി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതത് രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ എന്ന ന്യായീകരണത്തില്‍ ആയിരങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നത് വര്‍ഗീയമായ നിലപാടാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റത്തിന് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കുകയാണെന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളും വ്യക്തമാക്കി. അതേസമയം, ബില്ല് അസാമിനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും അനധികൃത കുടിയേറ്റം തടയാന്‍ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവര്‍ത്തിക്കുന്നു. അഭയാര്‍ഥികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കുന്നതിന്റെ ഭാഗമാണ് ബില്ലെന്ന് വാദിക്കുന്നവര്‍ക്ക്, മുസ്‌ലിംകള്‍ക്ക് മാത്രം എന്താണ് അയോഗ്യത എന്ന ചോദ്യത്തിന് ഉത്തരമില്ല.

ബില്ലിനെതിരെ കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന പ്രതിഷേധമുയരുന്നത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ബില്ലില്‍ പ്രതിഷേധിച്ച് അസാം ഗണ പരിഷത്ത് എന്‍ ഡി എ വിട്ടിരിക്കുകയാണ്. വിവിധ സംഘടനകള്‍ അനിശ്ചിതകാല റോഡ് ഉപരോധം തുടങ്ങിക്കഴിഞ്ഞു. മേഘാലയയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്. ബില്‍ പാസ്സാക്കരുതെന്ന് മേഘാലയയിലേയും മിസോറാമിലേയും നിയമസഭകള്‍ പ്രമേയം പാസാക്കിയിരുന്നു. ഈ സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നത് ബില്ലിന്റെ വര്‍ഗീയ ഉള്ളടക്കത്തിനെതിരെയല്ല എന്നത് ശ്രദ്ധേക്കേണ്ടതാണ്. ബില്ലിന്റെ പഴുതു വഴി തങ്ങളുടെ ഇടങ്ങളിലേക്ക് പുറത്ത് നിന്ന് ഒഴുക്കുണ്ടാകുമോയെന്നതാണ് അവരുടെ പ്രശ്‌നം. അസാമിലെ പാര്‍ട്ടികള്‍ക്കാണ് ഇതില്‍ വലിയ ആധി. ബംഗ്ലാദേശില്‍ നിന്ന് വന്‍ ഒഴുക്ക് അസാമിലേക്ക് ഉണ്ടാകുമെന്നും സംസ്ഥാനത്തിന്റെ സാമൂഹിക അന്തരീക്ഷം താറുമാറാകുമെന്നും അസാം ഗണപരിഷത്തും അസാമിലെ കോണ്‍ഗ്രസ് ഘടകവുമെല്ലാം വാദിക്കുന്നു. ഇതേ കക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിനെ സ്വാഗതം ചെയ്തവരാണെന്നോര്‍ക്കണം. ബംഗാളി സംസാരിക്കുന്ന അസാംകാരെ മുഴുവന്‍ വിദേശകളായി മുദ്ര കുത്തി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നുവല്ലോ പൗരത്വ രജിസ്റ്റര്‍. അങ്ങനെ പുറത്താകുന്നവരില്‍ മിക്കവരും മുസ്‌ലിംകളായതിനാല്‍ ആര്‍ക്കും വലിയ വേദനയൊന്നും തോന്നിയില്ല.
പൗരത്വ രജിസ്റ്ററിനെ ന്യായീകരിച്ച് ബി ജെ പി നിരന്തരം വാദിച്ചത് കുടിയേറ്റം രാജ്യത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്നായിരുന്നു. പ്രത്യേക മതവിഭാഗങ്ങളെ മാത്രം കൊണ്ടുവരുമ്പോള്‍ കുടിയേറ്റം എങ്ങനെയാണ് വിശുദ്ധമാകുന്നത്. കുടിയേറ്റം ഒരു യാഥാര്‍ഥ്യമാണ്. എത്ര തടഞ്ഞാലും അത് സംഭവിച്ചു കൊണ്ടേയിരിക്കും. പക്ഷേ പുറത്ത് നിന്നുള്ള ഈ വരവില്‍ വര്‍ഗീയത കലര്‍ത്തുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കെ ബി ജെ പി പയറ്റുന്ന ഹിന്ദുത്വ അജന്‍ഡയുടെ വകഭേദമാണ് പൗരത്വ ഭേദഗതി ബില്ലും. രാജ്യസഭയിലോ കോടതിയിലോ തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും ഇത്തരം ഉദ്യമങ്ങള്‍ ബി ജെ പി നടത്തുന്നത് ഹിന്ദു സംരക്ഷകര്‍ തങ്ങളാണെന്ന് ധാരണ പരത്താന്‍ വേണ്ടി മാത്രമാണ്. ആ ദുഷ്ടലാക്ക് തുറന്നു കാണിക്കുകയാണ് ജനാധിപത്യ, മതേതര കക്ഷികള്‍ ചെയ്യേണ്ടത്. കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം വിഷയത്തെ മറ്റൊരു നിലയിലേക്ക് വലിച്ചു കൊണ്ടുപോകുകയാണെന്ന സത്യം വിളിച്ചു പറയാനും സാധിക്കണം.

ഇത് രാജ്യത്തിന്റെ മതേതര ബോധവുമായി ബന്ധപ്പെട്ട ചോദ്യമാണ്. രാഷ്ട്രവും മതവും തമ്മിലുള്ള ബന്ധമാണ് മതേതരത്വം. രാഷ്ട്രത്തിന് ഏതെങ്കിലും മതത്തോട് പ്രീണനമോ, വിദ്വേഷമോ ഇല്ലാതിരിക്കലാണത്. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണമെന്നതാണ് മതേതരത്വത്തിന്റെ അന്തസ്സത്ത. അത് ഭരണഘടനാദത്തമായ മൂല്യമാണ്. രാഷ്ട്രം നല്‍കുന്ന ഒരു ആനുകൂല്യവും ഒരു മതത്തിന് മാത്രമായി നിഷേധിക്കാന്‍ പാടില്ലാത്തതാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും കീഴ്‌വഴക്കങ്ങളെയും ചവിട്ടിമെതിച്ച് വോട്ടു രാഷ്ട്രീയം കളിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പല കൗശലങ്ങളിലൊന്നായി മാത്രമേ പൗരത്വ ഭേദഗതി ബില്ലിനെയും കാണാനാകൂ.