മൂന്ന് എയിംസ് കൂടി അനുവദിച്ചു; കേരളത്തിന് ഇത്തവണയും അവഗണന

Posted on: January 10, 2019 9:35 pm | Last updated: January 11, 2019 at 10:05 am

ന്യൂഡല്‍ഹി: രാജ്യത്ത് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ന്റെ മൂന്ന് കേന്ദ്രങ്ങള്‍ കൂടി തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ജമ്മുവിലെ സാംബ, കാശ്മീരിലെ പുല്‍വാമ, ഗുജറാത്തിലെ രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് പുതുതായി എയിംസ് അനുവദിച്ചത്. ഏറെക്കാലമായി എയിംസ് വേണമെന്ന് ആവശ്യപ്പെടുന്ന കേരളത്തെ ഇത്തവണയും പരിഗണിച്ചില്ല.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിക്ക് കീഴിലാണ് എയിംസ് സ്ഥാപിക്കുക. ആരോഗ്യ സംരക്ഷണത്തിന് ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസും ഗവേഷണങ്ങളും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയിംസ് സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ഗവണ്‍മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതിയ ഓരൊ എയിംസിലും നൂറ് എംബിബിഎസ് സീറ്റുകളും 60 ബിഎസ് സി നഴ്‌സിംഗ് സീറ്റുകളും അനുവദിക്കും. ഇതിന് പുറമെ ഓരോ എയിംസ് കേന്ദ്രത്തിലും 15 മുതല്‍ 20 വരെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടാകും. 750 ബെഡുകളും പുതുതായി ലഭ്യമാക്കും.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015 മുതല്‍ പലത തവണ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് നാല് സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോഴിക്കോട് കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുമുണ്ട്. നിപ വൈറസ് ബാധ അടക്കം മാരക രോഗങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.