സി ബി ഐയും സുപ്രീം കോടതിയും

Posted on: January 10, 2019 6:01 am | Last updated: January 9, 2019 at 11:31 pm

മോദി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ആലോക് വര്‍മയെ നീക്കിയ നടപടി റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ്. ഒക്‌ടോബര്‍ 23ന് പാതിരാത്രി അട്ടിമറിയിലൂടെയാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിപ്പിച്ച് നാഗേശ്വര്‍ റാവുവിന് താത്കാലിക ചുമതല നല്‍കിയത്. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നത സമിതിക്കാണ് സി ബി ഐ ഡയറക്ടറെ മാറ്റാനുള്ള അധികാരമെന്നും ഈ സമിതി ഒരാഴ്ചക്കകം ചേര്‍ന്ന് അലോക് വര്‍മയുടെ അധികാര സ്ഥിതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് സമിതിക്കു തീരുമാനിക്കാം.

1997ലെ വിനീത് നാരായണ്‍ കേസിലെ സുപ്രീം കോടതി വിധിയെ ആധാരമാക്കിയാണ് കോടതിയുടെ ചൊവ്വാഴ്ചത്തെ ഉത്തരവ്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് നിയമ പ്രകാരം സി ബി ഐ ഡയറക്ടറുടെ കുറഞ്ഞ കാലാവധി രണ്ട് വര്‍ഷമാണെന്നും സി ബി ഐ ഡയറക്ടര്‍ക്ക് മേല്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്നുമായിരുന്നു വിനീത് നാരായണ്‍ കേസിലെ വിധി. അലോക് വര്‍മയെ ചുമതലയില്‍ നിന്ന് നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഈ വിധിയുടെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്ഥലംമാറ്റത്തിലും മറ്റും സര്‍ക്കാറിന് ഇടപെടാമെന്നാണെങ്കില്‍, സമിതിയുടെ അനുമതി വേണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അലോക് വര്‍മക്കെതിരെ അഴിമതി ആരോപണവും കേസും നിലനില്‍ക്കുന്നതിനാല്‍ സി ബി ഐയുടെ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കോടതി അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. വര്‍മക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉന്നത സമിതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെയാണ് ഈ വിലക്ക്.

റാഫേല്‍ ഇടപാട്, കല്‍ക്കരി പാടം വിതരണത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ബന്ധം, മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണവിധേയനായ മെഡിക്കല്‍ കോഴ തുടങ്ങി അലോക് വര്‍മയുടെ നേതൃത്വത്തില്‍ അന്വേഷിച്ചിരുന്ന ചില കേസുകളാണ് അദ്ദേഹത്തെ അസാധാരണമായ രീതിയില്‍ നീക്കാന്‍ കാരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുറത്താക്കലിന് ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ നിശിത വിമര്‍ശകരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ആലോക് വര്‍മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റാഫേല്‍ ഇടപാടിലെ ക്രമക്കേടായിരുന്നു ചര്‍ച്ചാവിഷയം. അഴിമതി സംബന്ധിച്ച ചില രേഖകളും സന്ദര്‍ശകര്‍ അലോക് വര്‍മക്ക് കൈമാറിയിരുന്നു. അവരുടെ പരാതി പരിശോധിക്കുന്ന നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ആലോക് വര്‍മയെ പൊടുന്നനെ നീക്കിയത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഹൈക്കോടതി ജഡ്ജിമാരായിരുന്ന ഐ എം ഖുദ്‌സി, എസ് എന്‍ ശുക്ല എന്നിവര്‍ക്കെതിരെയുള്ള മെഡിക്കല്‍ കോഴ കേസ് അന്വേഷണ ഫയലും ബേങ്ക് വായ്പയുമായി രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശരയുടെ സ്‌റ്റെര്‍ലിംഗ് ബയോടെക് കമ്പനിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ച അന്വേഷണവും അലോക് വര്‍മയുടെ പരിഗണനയിലുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അടുപ്പക്കാരനായ സി ബി ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അലോകിന്റെ നീക്കവും സര്‍ക്കാറിനെ ചൊടിപ്പിച്ചു. കേന്ദ്രത്തെ പ്രതിസന്ധിയിലാക്കുന്ന മേല്‍ കേസുകള്‍ മരവിപ്പിക്കണമെന്ന നിര്‍ദേശം ഉന്നതങ്ങളില്‍ നിന്ന് പല തവണ അലോകിന് ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം വഴങ്ങാതെ കേസന്വേഷണവുമായി മുന്നോട്ടു പോകാനൊരുങ്ങിയപ്പോഴാണ് പൂര്‍ണമായും സര്‍ക്കാറിന് വഴങ്ങുന്ന ഒരാളെ തലപ്പത്തു കുടിയിരുത്തുന്നതിനായി വര്‍മയെ തെറിപ്പിച്ചത്. അദ്ദേഹം പോയതോടെ വിവാദ കേസുകളുടെ അന്വേഷണം മന്ദീഭവിച്ചിട്ടുമുണ്ട്. ഉന്നതര്‍ക്കെതിരായ അന്വേഷണം സര്‍ക്കാറിലുണ്ടാക്കിയ അതൃപ്തിയാണ് തന്നെ മാറ്റാന്‍ കാരണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ അലോക് വര്‍മ വ്യക്തമാക്കിയതുമാണ്.

സി ബി ഐയെ സര്‍ക്കാറിന്റെ ചട്ടുകമാക്കാനുള്ള ശ്രമത്തിനെതിരെ കോടതി പലപ്പോഴും ഇടപെട്ടിട്ടുണ്ട്. 2013ല്‍ കല്‍ക്കരി കുംഭകോണക്കേസില്‍ നിയമമന്ത്രാലയം ഇടപെട്ട് സി ബി ഐ റിപ്പോര്‍ട്ട് തിരുത്തിച്ച സംഭവത്തോട് പ്രതികരിക്കവെ, ജസ്റ്റിസ് എം ആര്‍ ലോധ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് സി ബി ഐയെ കൂട്ടിലടച്ച തത്തയാക്കരുതെന്ന് ശാസിക്കുകയും സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ച് സി ബി ഐയെ സ്വതന്ത്ര അന്വേഷണ സംവിധാനമാക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇതിന് മുന്നിട്ടിറങ്ങാന്‍ കോടതി മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത നീതിനിര്‍വഹണവും നിയമവാഴ്ചയും ജനാധിപത്യ സംരക്ഷണത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന ഇടപെടലുകള്‍ ഏത് ഭാഗത്തു നിന്നായാലും ആശ്വാസ്യമല്ല. അതുറപ്പാക്കാനാണ് സി ബി ഐ ഡയറക്ടറുടെ നിയമനം സര്‍ക്കാറിനു നല്‍കാതെ ഉന്നതാധികാര സമിക്കായിരിക്കണമെന്ന് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചത്. ഇക്കാര്യം കോടതി വീണ്ടും വീണ്ടും ഉണര്‍ത്തേണ്ട സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിന്റെ അപചയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.