Kerala
ഭൂരിഭാഗം കടകളും തുറന്നു; പണിമുടക്കിലും മിഠായിത്തെരുവ് സജീവം
കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും സജീവമായി കോഴിക്കോട് മിഠായിത്തെരുവ്. ഇന്ന് എഴുപത് ശതമാനത്തോളം വ്യാപാരസ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങളാണ് മിഠായിത്തെരുവില്‍ അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇവിടെ ശക്തമായ പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
കോഴിക്കോട്ട് നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മൂന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയത് ആളുകള്‍ക്ക് ആശ്വാസമായെങ്കിലും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്താത്തത് തിരിച്ചടിയായി. പോലീസ് വാഹനത്തിലും മറ്റുമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്കും മറ്റും ആളുകള്‍ യാത്ര ചെയ്തത്. ധാരാളം സ്വകാര്യ വാഹനങ്ങളാണ് പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് നിരത്തിലിറങ്ങിയത്. നഗരത്തില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെയും മിഠായിത്തെരുവില്‍ മിക്ക കടകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. രാവിലെ ഒമ്പതിന് തന്നെ ഭൂരിഭാഗം കടകളും തുറന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഒന്നിച്ചെത്തി കടകള്‍ തുറക്കുകയായിരുന്നു. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികള്‍ പറഞ്ഞു.



