Connect with us

Articles

എന്തൊരു തണുപ്പ് !

Published

|

Last Updated

2019 ജനുവരി പിറന്നതില്‍ പിന്നെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ശരാശരി നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞതിനാല്‍ രാത്രി കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്കേ ഇന്ത്യ മഞ്ഞുമൂടി കിടക്കുന്ന ഡിസംബര്‍, ജനുവരി കാലയളവില്‍ സാധാരണ കേരളത്തില്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍, ജനുവരി തുടക്കദിവസങ്ങളില്‍ തണുപ്പ് സാധാരണയില്‍ കൂടുതലാണെന്നത് നമ്മുടെ അനുഭവമാണ്. ജനുവരി അഞ്ചിന് കൊച്ചി വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 16.5 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് 1964 ജനുവരി 10ന് ശേഷം ഉണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണത്രെ. ഇക്കഴിഞ്ഞ പല ദിവസങ്ങളിലും മൂന്നാറില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞുപോയിരുന്നു.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള തണുത്ത കാറ്റ് കേരളത്തെ നന്നായി ബാധിച്ചിരിക്കുന്നു എന്ന് സാരം. 2019 ജനുവരിയിലെ 15 ദിവസത്തോളം കൊടും തണുപ്പ് തുടരാന്‍ സാധ്യത ഉണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെടുന്ന മഞ്ഞുവീഴ്ചയും തണുത്ത ഈര്‍പ്പമുള്ള അന്തരീക്ഷവും മേഘപടലങ്ങളും തണുത്ത കാറ്റുമാണ് കേരളം നേരിടുന്ന കടുത്ത തണുപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജനുവരി മൂന്നാം വാരത്തില്‍ ഇന്നനുഭവപ്പെടുന്ന തണുപ്പിന് ശമനം വരും.

വടക്കേ ഇന്ത്യയിലെ കൊടുംതണുപ്പ് “പാശ്ചാത്യ അലട്ടലിന്റെ” ഫലമായി ഉണ്ടാകുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉഷ്ണമേഖലാ പ്രദേശത്തിന് പുറത്തു നിന്നും അതായത് മെഡിറ്ററേനിയന്‍ പ്രദേശത്തു നിന്നും ഉത്ഭവിക്കുന്ന കാറ്റാണ് ഇന്ത്യയില്‍ ശൈത്യകാല മഴക്കും കാറ്റിനും മൂടല്‍മഞ്ഞിനും മഞ്ഞു വീഴ്ചക്കും കാരണമാകുന്നത്. ഇതിനെയാണ് പശ്ചാത്യ അലട്ടല്‍ അഥവാ പാശ്ചാത്യ അസ്വസ്ഥത എന്ന് പറയുന്നത്. സാധാരണ ഒരു പ്രദേശത്തെ അന്തരീക്ഷ വായു ആ പ്രദേശത്തെ മര്‍ദവുമായി തുലനപ്പെട്ടിരിക്കും. എന്നാല്‍, പുറത്തുനിന്നുള്ള ഉയര്‍ന്ന മര്‍ദത്തോടെയുള്ള കാറ്റ് ആ പ്രദേശത്തെ അസ്വസ്ഥമാക്കും. മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ നിന്നും ഉത്ഭവിക്കുന്ന ഈര്‍പ്പമേറിയ കാറ്റുണ്ടാക്കുന്ന വ്യതിയാനങ്ങളെയാണ് പാശ്ചാത്യ അലട്ടല്‍ എന്ന് വിളിക്കുന്നത്.

ഇതിനിടെ 2018 ഡിസംബറില്‍ പെസഫിക് സമുദ്രത്തില്‍ രൂപം കൊണ്ടിരിക്കുന്ന “എല്‍നിനോ” 2019 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നുണ്ട്. പെസഫിക് സമുദ്രത്തെ പതിവില്‍ കൂടുതല്‍ ചൂടാക്കുന്ന സമുദ്ര ഉഷ്ണജല പ്രവാഹത്തിന്റെ ഉത്ഭവം മൂലം സമുദ്രവും സമുദ്ര അന്തരീക്ഷവും ക്രമാതീതമായി ചൂടാവുന്ന പ്രതിഭാസമാണ് “എല്‍നിനോ”. ഇത് ലോകകാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. എല്‍നിനോവിന് കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നതിനും വിവിധ രാജ്യങ്ങളിലെ മഴയുടെ തോത്, കൊടുങ്കാറ്റ്, പ്രളയം, പേമാരി, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, തണുപ്പ്, സമുദ്ര മത്സ്യങ്ങളുടെ പലായനം എന്നിവ നിയന്ത്രിക്കാനും ആകുന്നുണ്ട് എന്നതാണ് ലോകത്തെ അലട്ടുന്ന വലിയ പ്രശ്‌നം.

വടക്കേ ഇന്ത്യയിലെ കൊടും തണുപ്പിനെ തുടര്‍ന്ന് കേരളം ഇന്നനുഭവിക്കുന്ന ശൈത്യത്തിന് കാരണമായ “പാശ്ചാത്യ അസ്വസ്ഥത”യിലേക്ക് നയിച്ചത് എല്‍നിനോ ആണെന്നതാണ് സത്യം. സാധാരണ ക്രിസ്മസ് കാലത്താണ് പെസഫിക് സമുദ്ര ഉപരിതലം എല്‍നിനോ മുഖാന്തിരം ചൂടാകുന്നത്. ആതിനാല്‍ സ്‌പെയിന്‍കാര്‍ ഇതിനെ വിളിക്കുന്നത് ചെറിയ ആണ്‍കുട്ടി അഥവാ ഉണ്ണിയേശു എന്നാണ്. മത്സ്യ ലഭ്യതയെ എല്‍നിനോ സാരമായി ബാധിക്കുന്നതിനാല്‍ മുക്കുവര്‍ എല്‍നിനോയെ ഭയപ്പാടോടെയാണ് കാണുന്നത്. എല്‍നിനോ കാലാവസ്ഥയില്‍ അതിരുകടന്ന മാറ്റമാണ് വരുത്തുന്നത്. ഭൗമ ഉപരിതലത്തില്‍ വീശുന്ന കാറ്റിന് പലപ്പോഴും എല്‍നിനോയാണ് ഉത്തരവാദി. ഒരു പക്ഷേ, ഈ കാറ്റായിരിക്കും ഉത്തരേന്ത്യയില്‍ നിന്നും കൊടും തണുപ്പ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്.

Latest