ബുംറക്ക് വിശ്രമം; മുഹമ്മദ് സിറാജും സിദ്ധാര്‍ഥ് കൗളും പകരക്കാര്‍

Posted on: January 8, 2019 11:43 pm | Last updated: January 8, 2019 at 11:43 pm

മുംബൈ: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡ്് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുണ്ടാകില്ല. ബുംറക്ക് വിശ്രമമനുവദിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഓസീസിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പര മുന്നില്‍ക്കണ്ടാണ് ഈ തീരുമാനമെന്ന് ബി സി സി ഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും ന്യൂസിലന്‍ഡിനെതിരായ ടി ട്വന്റി പരമ്പരയില്‍ സിദ്ധാര്‍ഥ് കൗളുമാണ് ബുംറക്കു പകരം ടീമിലുണ്ടാവുക.

ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരനെന്ന നേട്ടം ഓസീസിന്റെ നഥാന്‍ ലിയോണിനൊപ്പം പങ്കിട്ട താരമാണ് ബുംറ. ജനുവരി 12 മുതല്‍ 19 വരെയാണ് ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി ട്വന്റി പരമ്പര ഈമാസം 23ന് ആരംഭിക്കും. ഫെബ്രുവരി പത്തിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.