ട്രേഡ് യൂനിയന്‍ നിയമ ഭേദഗതിയും തൊഴിലാളികളും

തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ തട്ടിയെടുക്കാനും ഇവരെ വെറും അടിമകളാക്കി മാറ്റാനുമുള്ള ഹീനശ്രമത്തിന്റെ ഭാഗമായാണ് തൊഴിലാളി ക്ഷേമ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിലവിലുള്ള ട്രേഡ് യൂനിയന്‍ ആക്റ്റില്‍ തൊഴിലുടമകള്‍ക്ക് വേണ്ടി അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ മൗലിക ഭേദഗതി കൂടി കൊണ്ടുവന്നതോടെ രാജ്യത്തെ തൊഴിലാളി വര്‍ഗം അക്ഷരാര്‍ഥത്തില്‍ അടിമകളായിരിക്കുകയാണ്. രാജ്യത്തെയും അതിന്റെ നട്ടെല്ലായ തൊഴിലാളികളെയും പിന്നോട്ടടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Posted on: January 7, 2019 6:03 am | Last updated: January 6, 2019 at 11:19 pm

വ്യവസായ അന്തരീക്ഷം സൗഹൃദമാക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തൊഴിലാളിക്ക് മാത്രമാണെന്ന് മോദി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മൗലികമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് നിലവിലുള്ള ട്രേഡ് യൂനിയന്‍ ആക്റ്റ് അപ്പാടെ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളികളുടെ മൗലികമായ അവകാശങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ സര്‍ക്കാര്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി എല്ലാ ട്രേഡ് യൂനിയനുകളും യോജിച്ച് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ച അവസരത്തിലാണ് തൊഴിലാളികളെ പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തൊഴിലാളി വിരുദ്ധമായ ഈ ആക്റ്റ് പാസ്സാക്കി എടുക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

വ്യാവസായിക സൗഹൃദാന്തരീക്ഷം നിലനിര്‍ത്തേണ്ടത് തൊഴിലാളി സംഘടനകളുടെ ഉത്തരവാദിത്വമാക്കിക്കൊണ്ട് 1926 ലെ ട്രേഡ് യൂനിയന്‍ ആക്റ്റ് ഭേദഗതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരിക്കുകയാണ്. ഈ ഭേദഗതി വഴി അംഗീകൃത തൊഴിലാളി സംഘടനകള്‍ ഏതൊക്കെയെന്ന് നിശ്ചയിക്കാനുള്ള അധികാരവും കേന്ദ്ര സര്‍ക്കാറിനായിരിക്കും. ഭേദഗതി നിലവില്‍ വരുന്നതോടെ വിവിധ സംഘടനകള്‍ക്കു പകരം സര്‍ക്കാര്‍ അംഗീകരിക്കുന്ന രണ്ടോ മൂന്നോ സംഘടനകള്‍ ആകും ദേശീയതലത്തില്‍ തൊഴിലാളികളെ പ്രതിനീധീകരിക്കുക. സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ക്ക് ഇവര്‍ക്ക് മാത്രമേ ക്ഷണം ലഭിക്കൂ.

ഇതോടെ കേന്ദ്ര-സംസ്ഥാന തലത്തില്‍ ട്രേഡ് യൂനിയനുകളുടെ അംഗീകാരത്തിന് മോദി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതുപോലുള്ള മാനദണ്ഡം നടപ്പിലാകും. തങ്ങളോടൊപ്പം നില്‍ക്കുന്നവരെ മാത്രം അംഗീകരിക്കാനുള്ള ഹീനമായ നീക്കമാണ് ഇതെന്നുള്ളതില്‍ സംശയമില്ല. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന പ്രതിപക്ഷത്തുള്ള കേന്ദ്ര ട്രേഡ് യൂനിയന്‍ സംഘടനകളുടെ പ്രക്ഷോഭണങ്ങള്‍ മേലാല്‍ ഉണ്ടാവരുതെന്നാണ് ലക്ഷ്യമാക്കുന്നത്. ട്രേഡ് യൂനിയന്‍ ആക്റ്റ് ഭേദഗതിക്കെരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷി യൂനിയനായ ബി എംഎസുമായി മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുള്ളത്. ബി എംഎസ്സിന് മാത്രമാണ് ഇതിനോട് യോജിപ്പുമുള്ളത്.

സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന യൂനിയനുകള്‍ വ്യവസായ സ്ഥാപനങ്ങളില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ബാധ്യസ്ഥരായിരിക്കും. സൗഹൃദ അന്തരീക്ഷം നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ യൂണിയനുകളുടെ അംഗീകാരം റദ്ദാക്കാനും സര്‍ക്കാരിന് കഴിയും. എന്നാല്‍ നിശ്ചിത ശതമാനം തൊഴിലാളി പിന്തുണ ആര്‍ജിക്കുന്ന യൂനിയനുകള്‍ക്ക് നിര്‍ബന്ധിതമായി അംഗീകാരം നല്‍കണമെന്നാണ് ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെടുന്നത്. യഥാര്‍ഥത്തില്‍ തൊഴിലന്തരീക്ഷം തകര്‍ത്തുകൊണ്ടിരിക്കുന്നത് തൊഴിലുടമകള്‍ തന്നെയാണ്. ഈ യാഥാര്‍ഥ്യം കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയാണ്. തൊഴിലന്തരീക്ഷം തകര്‍ക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും തൊഴിലാളികളുടെ മേല്‍ കെട്ടിവക്കാനാണ് ശ്രമിക്കുന്നത്. ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന യൂനിയനുകളെ മാത്രം വളര്‍ത്തിയെടുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. ഒരു നൂറ്റാണ്ട് മുമ്പ് പ്രക്ഷോഭം നടത്തി ബ്രട്ടീഷ് സര്‍ക്കാരില്‍ നിന്ന് നേടിയെടുത്ത മൗലിക അവകാശമാണ് തകര്‍ത്തെറിയാന്‍ മേദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

രാജ്യത്തെ തൊഴിലാളികള്‍ നിരന്തര പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണ് നിലവിലുള്ള തൊഴിലാളി ക്ഷേമ നിയമങ്ങള്‍. ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ ആക്റ്റ്, ബോണസ് ആക്റ്റ്, മിനിമം വേജസ് ആക്റ്റ്, ഫാക്റ്ററീസ് ആക്റ്റ്, പ്രോവിഡന്റ് ഫണ്ട് ആക്റ്റ്, ഗ്രാറ്റിവിറ്റി ആക്റ്റ് തുടങ്ങിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. നിലവിലുള്ള ഇത്തരം പതിനാറോളം തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കുകയും കൂടുതല്‍ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയുമാണ് നിയമ ഭേദഗതികൊണ്ട് ലക്ഷ്യമാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയാണ് ഒടുവില്‍ പുറപ്പെടുവിച്ചിട്ടുള്ള തൊഴില്‍ സുരക്ഷ നിയമത്തില്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്തെ സംഘടിത തൊഴില്‍ മേഘലയെ അപ്പാടെ തകര്‍ക്കുകയും, ഈ മേഖലയിലുള്ള സ്ഥാപനങ്ങളുടേയും തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറയ്ക്കുകയുമാണ് സര്‍ക്കാര്‍ ഈ നിയമത്തില്‍ കൂടി ചെയ്തിരിക്കുന്നത്. രാജ്യത്തെ സംഘടിത തൊഴില്‍ മേഘലയുടെ നിര്‍വചനം തന്നെ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഈ മേഖലയുടെ നിര്‍വചനം പുതിക്കിയതോടെ തൊഴിലാളികള്‍ ഭൂരിപക്ഷവും നിര്‍ദിഷ്ട സാമൂഹിക സുരക്ഷാ കോഡിന് പുറത്തായി. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ ബഹുഭൂരിപക്ഷവും അസംഘിട മേഖലയിലേക്ക് പിന്തള്ളപ്പെട്ടതോടെ ഇവര്‍ക്കുണ്ടായിരുന്ന ആനുകൂല്യങ്ങളാകെ കവര്‍ന്നെടുക്കപ്പെടുകയാണ് ചെയ്തിരിക്കുന്നത്.
പുതുക്കിയ സാമൂഹിക സുരക്ഷാ കോഡില്‍ 10നു താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെല്ലാം അസംഘിത മേഖലയിലേതായാണ് കണക്കാക്കുന്നത്. ജനജീവിതം ദുസ്സഹമാക്കിയ നോട്ട് റദ്ദാക്കലിനും ജി എസ് ടിക്കും പിന്നാലെ വന്‍ തകര്‍ച്ചയെ നേരിട്ട ചെറുകിട ഇടത്തരം മേഖലയിലെ 86 ശതമാനം സ്ഥാപനങ്ങലിലും തൊഴിലാളികള്‍ ഇപ്പോള്‍ 10ന് താഴെയാണുള്ളത്.
ഏറ്റവും ഒടുവില്‍ പുറപ്പെടുവിച്ച മൂന്നാം കരട് തൊഴില്‍ ക്ഷേമ നിയമത്തിന് മുമ്പ് പുറപ്പെടുവിച്ചിരുന്ന ഒന്നും രണ്ടും കരട് രേഖകളില്‍ തൊഴിലാളി ക്ഷേമമെന്ന ആശയത്തിന് കുറച്ചെങ്കിലും പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി തന്നെ തെളിവെടുപ്പ് നടത്തി പരിഷ്‌കരിച്ച മൂന്നാം സാമൂഹിക സുരക്ഷാ കോഡില്‍ തൊഴിലാളി ക്ഷേമം അപ്പാടെ വിസ്മരിച്ചിരിക്കുകയാണ്. ക്ഷേമനിധിവിഹിതം നല്‍കാന്‍ കഴിയാത്ത തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്ന് മുന്‍ കരടില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ പ്രസിദ്ധീകരിച്ച മൂന്നാം കരട് ഒഴുവാക്കി. വിരമിക്കലിനു ശേഷം ഒരാനുകൂല്യവും തൊഴിലാളിക്ക് നല്‍കുകയില്ല. സാമൂഹിക സുരക്ഷ അവകാശമല്ലെന്നും ഒരു ആനുകൂല്യം മാത്രമാണെന്നുമാണ് മൂന്നാം കരട് പ്രഖ്യാപിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ഈ മൂന്നാം കരടില്‍ നിഷേധിക്കുന്നതും കാണാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു സബ്‌സിഡിയും ഇല്ല. കുടുംബത്തിന്റെ നിര്‍വചനം തന്നെ പുതുക്കി നിശ്ചയിക്കുകയും സഹോദരങ്ങളടക്കമുളള അടുത്ത ബന്ധുക്കളെ ആനുകൂല്യം നല്‍കേണ്ടവരുടെ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നു. നിലവിലുണ്ടായിരുന്ന പ്രത്യേക ഗ്രാറ്റിവിറ്റി ഫണ്ട് വ്യവസ്ഥ ഉപേക്ഷിക്കപ്പെട്ടു. ഇ പി എഫ്, ഇ എസ് ഐ എന്നിവയിലെ വന്‍ നീക്കിയിരുപ്പ് ധനം വിനിയോഗിച്ച് സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കുമെന്നായിരുന്നു തുടക്കത്തില്‍ സംഘടിത തൊഴിലാളി മേഖല കരുതിയിരുന്നത്. ഇ പി എഫ്, ഇ എസ് ഐ എന്നിവയെ കോഡില്‍ നിന്നും മാറ്റിയതോടെ അത് ഒഴിവായിക്കിട്ടി. അതോടൊപ്പം തന്നെ ഭൂരിപക്ഷം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന മുഖ്യ ലക്ഷ്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു. നിര്‍ദിഷ്ട സാമൂഹിക സുരക്ഷാ കോഡിന്റെ കരടില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 11 കേന്ദ്ര നിയമങ്ങളാണ്. നിലവിലുള്ള തൊഴില്‍ നിയമങ്ങളിലെ വകുപ്പുകള്‍ ലളിതവും യുക്തി സഹവുമാക്കി പൊതുനിയമത്തിന് കീഴിലാക്കുകയാണ് പുതിയ ലേബര്‍ കോഡിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, കേന്ദ്ര നീക്കം തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കിയേ അല്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

തെളിവെടുപ്പ് നടത്തി രൂപം നല്‍കിയ മൂന്നാം കരടില്‍ സാമൂഹിക സുരക്ഷ എന്നത് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഗ്രാറ്റിവിറ്റിക്ക് പ്രത്യേക നിധി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ നിന്ന് കേന്ദ്രം പിന്‍വാങ്ങുകയും ചെയ്തിരിക്കുന്നു. സാമൂഹിക സുരക്ഷ നിധിയോടൊപ്പം ഗ്രാറ്റിവിറ്റിക്ക് പ്രത്യേക നിധിയുണ്ടെങ്കില്‍ തൊഴിലുടമ നിശ്ചിത തുക അടക്കേണ്ടി വരികയും അങ്ങനെ ഗ്രാറ്റിവിറ്റി ഉറപ്പാക്കാനും കഴിയുമായിരുന്നു. സാമൂഹിക സുരക്ഷാ കോഡില്‍ ഗ്രാറ്റിവിറ്റി നിയമം തുടരുമെങ്കിലും ഗ്രാറ്റിവിറ്റി നല്‍കേണ്ട ബാധ്യത തൊഴില്‍ ഉടമയില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ ഇക്കാര്യത്തില്‍ തൊഴില്‍ ഉടമ 4.85 ശതമാനം മാറ്റി വെക്കേണ്ടതാണ്. എന്നാല്‍ ഇത് ഇതിന്റെ നേര്‍ പകുതിയാക്കി ഈ കരടില്‍ കുറച്ചിരിക്കുന്നു.

ഗ്രാറ്റിവിറ്റി ഉറപ്പാക്കാന്‍ തൊഴിലുടമ എല്‍ ഐ സിയുടെ ഗ്രാറ്റിവിറ്റി ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിര്‍ദേശം സാമൂഹിക സുരക്ഷാ കോഡിന്റെ പുതിയ കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നുള്ളത് മാത്രമാണ് സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം. എന്നാല്‍ പ്രത്യേക ഗ്രാറ്റിവിറ്റി നിധിക്കായി ഇളവ് വാങ്ങുകയും നിര്‍ബന്ധിത ഇന്‍ഷ്വറന്‍സില്‍ നിന്നും ഒഴിവാകുകയും ചെയ്താല്‍ ഭാവിയില്‍ ഗ്രാറ്റിവിറ്റിയെ ബാധിക്കാന്‍ ഇടയുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നു. സ്ഥാപനം നഷ്ടത്തിലായാല്‍ അതിനുള്ള സാധ്യത കൂടുതലുമാണ്.
പുതിയ കരടില്‍ തൊഴിലാളി വിരമിച്ചാല്‍ പിന്നീട് ഒരാനുകൂല്യവും ലഭിക്കുകയില്ലെന്നത് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ വ്യവസ്ഥയാണ്. ഇ പി എഫ്, ഇ എസ് ഐ എന്നിവയിലെ വന്‍ നീക്കിയിരിപ്പ് ധനം ഉപയോഗിച്ച് സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കണമെന്ന് സംഘടിത തൊഴിലാളികള്‍ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം തന്നെ പുതിയ കോഡില്‍ നിന്നും ഒഴിവാക്കി. ഭൂരിപക്ഷം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിയുന്ന ചിത്രം തന്നെയാണ് ഇതില്‍ കൂടികാണാന്‍ കഴിയുന്നത്. എന്തായാലും ഈ ശീതകാല സമ്മേളത്തില്‍ ഈ നിയമം പാസാക്കിയെടുക്കാനുള്ള കേന്ദ്ര നീക്കം വിജയിക്കില്ല. തൊഴിലാളി താത്പര്യങ്ങള്‍ക്ക് നിരക്കാത്ത ഈ നിയമസംഹിത അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു കൂട്ടിയ ത്രികക്ഷി യോഗത്തില്‍ ബി എം എസിന്റേയും ടി യു സി സി, എല്‍ എഫ് ഐ ടി യു എന്നിവയുടെയും പ്രതിനിധികള്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പത്ത് പ്രതിപക്ഷ കേന്ദ്ര ട്രേഡ് യൂനിയനുകള്‍ യോഗം തന്നെ ബഹിഷ്‌കരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വിവേചനാധികാരം നല്‍കുന്ന വ്യവസ്ഥക്ക് എതിരെ ശക്തമായ പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അസംഘടിത മേഖലയിലേക്ക് സംഘടിത മേഖലയിലെ സ്ഥാപനങ്ങളെയും തൊഴിലാളി ലക്ഷങ്ങളേയും നിര്‍ദാക്ഷിണ്യം തള്ളിവിടുന്നതിനെതിരായി ബി എം എസ് ജനറല്‍ സെക്രട്ടറി പവന്‍കുമാര്‍, എസ് പി തിവാരി (ടി യു സി സി), ദീപക് ജയ്‌സോള്‍(എന്‍ എഫ് ഐ ടി യു) എന്നിവര്‍ രംഗത്ത് വരുകയും ചെയ്തു.

ഇന്ത്യാ മഹാരാജ്യം മുന്നോട്ടാണ്; പിന്നോട്ടല്ല പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെയും അതിന്റെ നട്ടെല്ലായ തൊഴിലാളികളെയും പിന്നോട്ടടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ തട്ടിയെടുക്കാനും ഇവരെ വെറും അടിമകളാക്കി മാറ്റാനുമുള്ള ഹീനശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ തൊഴിലാളി ക്ഷേമ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിലവിലുള്ള ട്രേഡ് യൂനിയന്‍ ആക്റ്റില്‍ തൊഴിലുടമകള്‍ക്കു വേണ്ടി അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ മൗലിക ഭേദഗതികൂടി കൊണ്ടുവന്നതോടെ രാജ്യത്തെ തൊഴിലാളി വര്‍ഗം അക്ഷരാര്‍ഥത്തില്‍ അടിമകളായിരിക്കുകയാണ്. നിലനില്‍പ്പിനായുള്ള ഏറ്റവും വലിയ യോജിച്ച പ്രക്ഷോഭങ്ങളാണ് ഇനി ഇക്കൂട്ടര്‍ക്ക് നടത്തേണ്ടിയിരിക്കുന്നത്.
തൊഴിലാളികള്‍ ഒത്തൊരുമിച്ച് ഈ കരിനിയമങ്ങള്‍ പരാജയപ്പെടുത്തിയേ മതിയാകൂ. അതിനുള്ള ശക്തമായ യോജിച്ച പ്രവര്‍ത്തനങ്ങളാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. വരുന്ന ജനുവരി 8, 9 തീയതികളില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്ക് ഈ പ്രതിഷേധ സമരങ്ങളുടെ തുടക്കം കുറിക്കലായിരിക്കും.
(എച്ച് എം എസ് സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)