വിലാപയാത്ര

കഥ
ഹിദായ പാലാഴി. [email protected]
Posted on: January 6, 2019 12:15 pm | Last updated: January 6, 2019 at 12:15 pm

ഉറക്കച്ചടവോടെ അയാള്‍ ഫഌറ്റിന്റെ കിളിവാതില്‍ തുറന്നു. പതിനെട്ട് നിലകളുള്ള ഫഌറ്റില്‍ എട്ടാം നിലയിലാണ് താമസം. ദിവസങ്ങളായി അസ്വസ്ഥമാണ് മനസ്സ്. ഇരുപത് വര്‍ഷത്തോളമായി തുടരുന്ന മാധ്യമവൃത്തി വലിച്ചെറിഞ്ഞാലോ എന്ന ചിന്ത അലോസരപ്പെടുത്തുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് നേരിട്ട വധഭീഷണി മുതല്‍ക്കാണ് ഇങ്ങനെയൊരു ചിന്ത മനസ്സില്‍ കുടിയേറിപ്പാര്‍ത്തത്. കുറ്റമൊന്നും ചെയ്തിട്ടില്ല, മാധ്യമനൈതികതക്ക് കോട്ടം വരുത്തുന്നതൊന്നും സംഭവിച്ചിട്ടുമില്ല, കോളിളക്കമുണ്ടായ അഴിമതി പുറത്തുകൊണ്ട് വന്നു എന്നത് മാത്രമാണ് കാരണം. ആ ദിവസം മുതല്‍ നക്ഷത്രങ്ങളോട് പരിഭവം പറഞ്ഞ്, കാറ്റിന്റെ മര്‍മരങ്ങള്‍ ശ്രവിച്ച്, വിദൂരതയിലേക്ക് കണ്ണും നട്ടിരുന്ന് രാത്രികളെ തള്ളിനീക്കുകയാണ് അയാള്‍. എക്‌സ്പ്രസ് ഹൈവേക്കപ്പുറത്തുള്ള ടാര്‍പോളിന്‍ ടെന്റുകളില്‍ ചിമ്മിണി വിളക്കുകള്‍ മുനിഞ്ഞ് കത്തുന്നുണ്ട്, സമീപത്തുള്ള ഓവുചാലിന്നരികില്‍ ഏതോ വൃദ്ധന്‍ വെളിക്കിരിക്കുന്നത് മങ്ങിയ വെളിച്ചത്തില്‍ കാണാം. തൊട്ടപ്പുറത്ത് വിശ്രമമില്ലാതെ വിഷം തുപ്പിക്കൊണ്ടിരിക്കുന്ന ഫാക്ടറിയിലെ മലിനജലം ഓവുചാലിലേക്ക് കുത്തിയൊലിക്കുന്നുമുണ്ട്, നിരത്തിലൂടെ ചില വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ട്. ഇന്ധന വില വര്‍ധിച്ചത് മുതല്‍ വാഹനങ്ങളുപയോഗിക്കുന്നവര്‍ അപൂര്‍വമാണത്രെ. അര്‍ധരാത്രിയിലെ ഏകാന്തത അയാളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ചരിത്രത്തില്‍ അര്‍ധരാത്രികള്‍ക്ക് സുപ്രധാന സ്ഥാനമാണുള്ളത്. പാരതന്ത്ര്യത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് പലരാജ്യങ്ങളും കാലെടുത്ത് വെച്ചത് അര്‍ധരാത്രികളിലാണല്ലോ, രാജ്യാധിപന്മാര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ പൗരന്മാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതും ഇങ്ങനെയുള്ള രാത്രികളിലാണ്. എന്തിനേറെ ന്യായാധിപന്‍മാര്‍ പോലും സുപ്രധാന വിധികള്‍ പുറപ്പെടുവിക്കാന്‍ പാതിരാത്രികളില്‍ കോടതി കൂടുന്നു. അയാളുടെ ചിന്തകള്‍ കാടുകയറി. ഹൈവേയുടെ അങ്ങേത്തലക്കല്‍ ചെറിയൊരു പ്രകാശം പ്രത്യക്ഷപ്പെടുന്നത് അപ്പോഴാണയാളുടെ ശ്രദ്ധയില്‍ പെട്ടത്.

എന്താണ് അസമയത്തൊരു ആള്‍ക്കൂട്ടം. അടുക്കുന്തോറും ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. സാധാരണയില്‍ ആഘോഷദിനങ്ങളിലാണ് രാത്രി ശബ്ദമുഖരിതമാവാറ്. പൊടുന്നനെ അയാളിലെ മാധ്യമപ്രവര്‍ത്തകന്‍ ഉണര്‍ന്നു. താഴെ നിലയിലേക്കെത്തുമ്പോഴേക്കും ആള്‍ക്കൂട്ടം അടുത്തെത്തിയിരുന്നു. പതാകകളോ ബാന്‍ഡ് മേളങ്ങളോ കരഘോഷങ്ങളോ ഇല്ലാത്ത നിശ്ശബ്ദ യാത്ര! പതിവിങ്ങനെയല്ലല്ലോ? ചിത്രം പകര്‍ത്താനായി അയാള്‍ റോഡിനോട് ചേര്‍ന്നു നിന്നു. ഒരു നിമിഷം അയാള്‍ സ്തബ്ധനായി. അതൊരു വിലാപയാത്രയായിരുന്നു! വടിയും കുത്തി പുഞ്ചിരിച്ച് ഗാന്ധിജിയാണ് മുന്‍നിരയില്‍, പിറകിലായി പരിചയമില്ലാത്ത ചില മുഖങ്ങളും. അല്‍പ്പം പിറകിലായി ചില പരിചിത മുഖങ്ങളെ അയാള്‍ കണ്ടു. പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ്, അഖ്‌ലാഖ്, ജുനൈദ്, കത്‌വ പെണ്‍കുട്ടി… വരികള്‍ നീളുന്നു. ശവപ്പെട്ടി ആളുകള്‍ മാറിമാറിച്ചുമന്ന് കൊണ്ടിരിക്കുന്നു. ഗുജറാത്തില്‍ പൊലിഞ്ഞ് പോയ ജീവനുകള്‍, മുസാഫര്‍ നഗറില്‍ കൊത്തിനുറുക്കപ്പെട്ട ശരീരങ്ങള്‍, കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകര്‍, നോട്ട് നിരോധന കാലത്ത് കുഴഞ്ഞുവീണ് മരിച്ച പാവങ്ങള്‍…

എല്ലാവരും അണിയായി നടന്നു നീങ്ങുന്നത് അയാള്‍ കണ്ടു. വാര്‍ത്ത നല്‍കാനായി ന്യൂസ് ഡസ്‌കുമായി ബന്ധപ്പെടാന്‍ ശ്രമിച്ച അദ്ദേഹം അമ്പരന്നു. നമ്പര്‍ നിലവിലില്ലത്രെ. അപ്പോഴേക്കും പിറകില്‍ നിന്ന് അയാളുടെ കഴുത്തിലേക്ക് കത്തി ആഴ്ന്നിറങ്ങിയിരുന്നു. നീയും ഈ ജനാവലിയില്‍ പങ്കുചേരേണ്ടവനാണ്… അവസാനമായി അയാള്‍ കേട്ട ആക്രോശം.