രക്ഷിതാക്കളും മക്കളും പരാജയപ്പെടുന്ന നേര്‍ക്കാഴ്ചകള്‍

വിരല്‍ത്തുമ്പ്
Posted on: January 6, 2019 12:02 pm | Last updated: January 6, 2019 at 12:02 pm

നല്ല രക്ഷിതാവ്, ചീത്ത രക്ഷിതാവ് എന്നിങ്ങനെ തരംതിരിക്കാനും സിദ്ധാന്തങ്ങള്‍ പരുവപ്പെടുത്താനും എളുപ്പമാണ്. പ്രായോഗികതലത്തില്‍ പക്ഷേ, മക്കളും രക്ഷിതാക്കളും ഒരുപോലെ പരാജയപ്പെടുന്നത് നമ്മള്‍ നിത്യവും അനുഭവിക്കുകയാണ്. പ്രവാസ ഭൂമികയില്‍ ഇതിന്റെ വ്യാപ്തി കൂടുതലാണ്.

പ്രവാസി മക്കള്‍ക്ക് നഷ്ടങ്ങള്‍ ഏറെയാണ്. വൈവിധ്യവും മനോഹരവുമായ കുറെ അനുഭവങ്ങളുടെ നഷ്ടമാണ് ഇവയില്‍ വലുത്. ഉമ്മൂമയും ഉപ്പൂപ്പയുമുളള നാട്ടിലെ വീട്ടില്‍ സ്‌നേഹത്തണലും തലോടലും കഥപറച്ചിലും കവിത ചൊല്ലലും നിത്യസംഭവമാണ്. തിമിര്‍ത്തു പെയ്യുന്ന മഴ, നിറഞ്ഞൊഴുകുന്ന അരുവികളും പുഴയും, അവയിലെല്ലാമുള്ള ചാടിയോടി കളികളും ചെളി തേച്ച് പിടിച്ച് വെള്ളത്തില്‍ ഊളിയിടലും വെള്ളത്തണ്ടും ചെമ്പരത്തിപ്പൂവും ചോക്കു പൊട്ടുകളും നിറങ്ങളുടെ മദ്‌റസാ മുറ്റവും പൂവും പൂമ്പാറ്റയും മാവും ചാമ്പയ്ക്കയും നെല്ലിക്കയും കിളികളുടെ ആഹ്ലാദവും ഊഞ്ഞാലും വള്ളിച്ചാട്ടവും വെള്ളച്ചാട്ടവും തൊട്ടു കളിയും കൊച്ചു കൊച്ചു പിണക്കങ്ങളും പായസവും പലമാതിരി നാടന്‍ വിഭവങ്ങളും ഒരുമയും സ്‌നേഹവുമെല്ലാമടങ്ങിയ അനുഭവ കലവറകളാണ് പ്രവാസി മക്കള്‍ക്ക് തീരാ നഷ്ടമാകുന്നത്. പ്രവാസത്തില്‍ രക്ഷിതാക്കളുടെ ഒഴിവില്ലായ്മ കാരണം മക്കള്‍ ഏകാന്തത അനുഭവിക്കുന്നവരാണ്.

പ്രവാസത്തിന്റെ സ്‌കൂള്‍ മുറ്റത്തെത്തുന്ന കുരുന്നുകളുടെ ദയനീ അവസ്ഥകള്‍ നാം ഇതുവരെ പഠിച്ചിട്ടില്ല. ഉറക്കച്ചടവ്, കണ്‍പോളകളില്‍ പീളപ്പറ്റുകള്‍. സ്‌കൂള്‍ സമയം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതിനനുസരിച്ച് ഇവരുടെ ദിനചര്യകളും മാറുന്നു. ഫഌറ്റിലെ ഏകാന്തത പ്രഹരിച്ച റൂമില്‍ നിന്ന് സ്വന്തം അടുക്കളയില്‍ ഉമ്മ പാകം ചെയ്ത പ്രഭാത ഭക്ഷണം കഴിക്കല്‍ വിരളം. നൂഡില്‍സ്, സാന്‍ഡ്‌വിച്ച്, റിംഗ്‌സ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയവയാണ് സ്‌കൂള്‍ ദിനങ്ങളിലെ ബ്രേക്ക് ഫാസ്റ്റ്. ആദ്യത്തെ ഇടവേളയില്‍ മാഗി നൂഡില്‍സ് പേപ്പര്‍ കപ്പുകളില്‍ ചൂടുവെള്ളം നിറച്ചു കഴിഞ്ഞാല്‍ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്. വിശപ്പിന്റെ വിളിയാളത്തിന് ശമനം കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്ന ചിന്തയില്‍ നിന്നുള്ള പുഞ്ചിരി.

ഫഌറ്റ് പടിക്കല്‍ ബസ് വരുമ്പോഴേക്ക് ഒരുങ്ങി നില്‍ക്കണമെങ്കില്‍ ഏറെ നേരത്തെ എഴുന്നേല്‍ക്കണം. ചിലപ്പോള്‍ കട്ടിത്തണുപ്പിന്റെ കാലമായിരിക്കും. സ്‌കൂളില്‍ പോയല്ലേ പറ്റൂ. കുറച്ചെങ്കിലും പുറംവിനോദത്തിന് പറ്റുന്നത് ചില കൂട്ടുകാരെ കാണുമ്പോഴാണ്. വ്യത്യസ്ത പെരുമാറ്റങ്ങളും നടപ്പു രീതികളും ഭക്ഷണരീതികളും ഭാഷകളും അഭ്യാസങ്ങളുമെല്ലാം പലമാതിരി കുട്ടികള്‍ പഠിക്കുന്ന ഇവിടുത്തെ സ്‌കൂളുകളിലെ നിത്യ കാഴ്ചകളാണ്. സ്‌കൂളില്‍ ചേര്‍ന്നയുടനെ വല്ലാത്തൊരു അങ്കലാപ്പും മാനസിക പ്രയാസവുമായിരിക്കും. ആരോടും ഒന്നും മിണ്ടില്ല. ക്ലാസിലങ്ങനെയിരിക്കും, നിര്‍ജീവമായി, എന്തെല്ലാമോ ചിന്തകളിലായി. പുതിയ പരിസരവുമായി ഇണങ്ങിച്ചേരാന്‍ വല്ലാത്ത അറച്ചു നില്‍പ്പായിരിക്കും. പതിയെപ്പതിയെ ഈ മനോഭാവം മാറുമെങ്കിലും സ്വന്തം നാട്ടില്‍നിന്നും മുറിച്ചുമാറ്റപ്പെട്ട ഒരുപാട് വികാരങ്ങളുടെ തിരതള്ളല്‍ അവരുടെ മുഖങ്ങളില്‍ പ്രകടമായിരിക്കും. ടിഫിന്‍ ബോക്‌സില്‍ പലപ്പോഴും സാന്‍ഡ്‌വിച്ചോ ബിസ്‌ക്കറ്റോ പഴങ്ങളോ ആയിരിക്കും. ഇതാണ് പലരുടെയും ഉച്ചഭക്ഷണം. ഇനി സ്‌കൂള്‍ വിട്ടാലും ട്യൂഷന്‍ കഴിഞ്ഞ് വീടണയാനാണ് പല കുട്ടികളുടെയും വിധി. ജോലിക്കുപോയ രക്ഷിതാക്കള്‍ ഏറെ സമയം കഴിഞ്ഞേ വരൂ എന്ന ഒരു കാരണവുമുണ്ട്. രാത്രിയോടെ വീട്ടിലെത്തിയാല്‍ പിന്നെ ഹോംവര്‍ക്കുകള്‍ ചെയ്യണം. ഉടുത്ത വസ്ത്രം പോലും അഴിച്ചുവെക്കാന്‍ സമയമില്ലാതെ നിസ്സഹായതയോടെ ഒരു ഇരിപ്പുണ്ട്. വല്ലവരും ഒരു കൈ സഹായിച്ചെങ്കിലും ഒരു കുട്ടി മാനസികമായി തളര്‍ന്ന് ആവശ്യപ്പെടുന്ന വല്ലാത്ത അവസ്ഥ. ജോലി കഴിഞ്ഞ് ക്ഷീണിച്ചുവരുന്ന രക്ഷിതാവിന് പലപ്പോഴും കുട്ടികളുടെ ഹോംവര്‍ക്കുകള്‍ സഹായിക്കാന്‍ കഴിയാറില്ല. കാലത്ത് വളരെ നേരത്തെതന്നെ ജോലിസ്ഥലത്തേക്ക് എത്തേണ്ടതിനാല്‍ അവര്‍ വിശ്രമത്തിലായിരിക്കും. സമയമനുവദിക്കാത്തതിനാല്‍ മനസ്സ് തുറന്ന് സംസാരിക്കാനോ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനോ സ്‌നേഹത്തോടെ പെരുമാറാനോ കഴിയാതെ നിസ്സഹായമാകുന്നു.

അവ മനപ്പൂര്‍വ്വം മാറ്റിവയ്‌ക്കേണ്ടി വരുന്നു. മറ്റേതെങ്കിലും ദിവസത്തേക്ക്. അതുപിന്നെ നീണ്ടുനീണ്ട് പോകുന്നു. പഠനകാര്യങ്ങളില്‍ സഹായിക്കാന്‍ പറ്റാത്ത രക്ഷിതാക്കള്‍ അതിലേറെ നിസ്സഹായരാണ്. വേറെയൊരാളുടെ സഹായം ചോദിക്കാമെന്ന് വെച്ചാലും നിവൃത്തിയില്ല. ഇവിടെ അയല്‍പ്പക്കങ്ങള്‍ വേറെ വേറെ ലോകങ്ങളാണ്. അടച്ചിട്ട ഫഌറ്റില്‍ ഒരു കൈ പഠനസഹായത്തിന് മറ്റൊരാളെയും കൂട്ടിനു കിട്ടാത്ത അവസ്ഥ. അവസാനം ഗതികെട്ട് ഹോംവര്‍ക്കുകള്‍ ചെയ്യാന്‍ ഇരിക്കുന്നിടത്തു തന്നെ ഉറങ്ങി വീഴുന്ന സന്ദര്‍ഭങ്ങളുണ്ട്. നിര്‍ജീവമായ പഠന പ്രക്രിയകളാണ് ഒരു പ്രവാസിയുടെ അപാര്‍ട്ടുമെന്റിനുള്ളില്‍ പലപ്പോഴും നടക്കുന്നത്. അതൃപ്തനായി പിറ്റേ ദിവസം വീണ്ടും യശ്പാല്‍ കമ്മിറ്റി നിരോധിച്ച കനമുള്ള ബാഗുമായി സ്‌കൂളിലേക്ക്. വര്‍ണം നിറഞ്ഞ സ്വപ്‌നങ്ങളോ നിറംപിടിപ്പിച്ച മോഹങ്ങളോ ഇല്ല. ഇടുങ്ങിയ ആകാശവും ഒരു തുണ്ടു ഭൂമിയുമാണ് വേദനിക്കുന്ന മനസ്സുമായുള്ള ഈ സ്‌കൂള്‍ യാത്രയില്‍ പല പ്രവാസി മക്കള്‍ക്കുമുള്ളത്. ഇനി അവധിദിനങ്ങളിലാണെങ്കില്‍ കുടുംബസമേതം ദീര്‍ഘമായ ഉറക്കമായിരിക്കും. അപ്പോഴുമുണ്ടാകും ഒരു ലോഡ് അസൈന്‍മെന്റുകള്‍. ഇത്തിരി നേരത്തേക്ക് പുറത്തെവിടെയെങ്കിലും പോവുമെങ്കിലും രേഖകളും പ്രധാന ഡോക്യുമെന്റുകളും കൈയില്‍ കരുതി സ്വതന്ത്രമായ മനസ്സിന് തടസ്സം നില്‍ക്കുന്ന നിലനില്‍പ്പിന്റെ കുറെ ചോദ്യങ്ങളുമായി വളരെ വേഗം തിരിച്ചുവരും. ഉച്ചഭക്ഷണം മന്തിയിലും ഷവായിലും ബ്രോസ്റ്റിലുമെല്ലാം. അതിനു ശീലങ്ങളാക്കി വെച്ചിട്ടുണ്ട് പലകുടുംബങ്ങളും. ദുര്‍മേദസ്സ് നിറഞ്ഞ് നടക്കാനാവാതെയും വെയില്‍ കൊള്ളാതെയും കാറ്റും മഴയും അനുഭവിക്കാതെയും കളി വിനോദങ്ങളിലേര്‍പ്പെടാതെയും അടച്ചിട്ട റൂമുകളില്‍ പകലന്തികള്‍ മനോവ്യഥയുടെ തള്ളിനീക്കുന്ന പ്രവാസി മക്കള്‍ വലിയ ചോദ്യചിഹ്നങ്ങള്‍ തന്നെയല്ലേ?
.