സൈന്യത്തോട് യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് പ്രസിഡന്റ്

Posted on: January 6, 2019 9:18 am | Last updated: January 6, 2019 at 10:46 am

ബീജിംഗ്: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയായി ചൈനീസ് പ്രസിഡന്റിന്റെ ആഹ്വാനം. ഏത് സമയവും യുദ്ധത്തിന് സജ്ജരായിരിക്കാന്‍ സൈന്യത്തിന് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗ് നിര്‍ദേശം നല്‍കി. ഇന്നലെ നടന്ന ഉന്നതല യോഗത്തിലാണ് സൈന്യത്തിന് ജിന്‍പിംഗ് നിര്‍ദേശം നല്‍കിയത്. രാജ്യം കടുത്ത പ്രതിസന്ധിയും വെല്ലുവിളിയും നേരിട്ടുകൊണ്ടിരിക്കുകയാണെന്നും സുരക്ഷ ഉറപ്പുവരുത്താന്‍ സൈന്യം സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ ചൈന കടല്‍ മേഖലയിലെ തര്‍ക്കങ്ങളിലും സംഘര്‍ഷങ്ങളിലും ഒപ്പം യു എസുമായുള്ള വ്യാപാര യുദ്ധം മുതല്‍ തായ്‌വാന്റെ പദവി വരെയുള്ള പ്രശ്‌നങ്ങളിലും ചൈന അസ്വസ്ഥരാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തെ യുദ്ധസജ്ജരാക്കുന്ന പ്രസ്താവനകള്‍.
ലോകം ഒരു നൂറ്റാണ്ടില്‍ കണ്ടതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇത് അവഗണിക്കാന്‍ ചൈനക്ക് കഴിയില്ല. സാഹചര്യങ്ങളോട് ദ്രുതഗതിയില്‍ പ്രതികരിക്കാന്‍ സജ്ജരായിരിക്കണം. സൈന്യത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ക്ക് അനുസൃതമായി നവീകരിക്കണം- അദ്ദേഹം പറഞ്ഞു. തായ്‌വാനെ തങ്ങളുടെ ഭാഗമാക്കുന്നതിനായി ബലം പ്രയോഗിക്കേണ്ടി വരുമെന്ന് ജിന്‍പിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തായ്‌വാന്റെ സ്വതന്ത്ര പരമാധികാരം ആവര്‍ത്തിച്ച് അംഗീകരിക്കുന്ന ഏഷ്യ റീ അഷ്വറന്‍സ് ആക്ടില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു ജിന്‍പിംഗിന്റെ ഈ പരാമര്‍ശം.

ഈ വര്‍ഷത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണ് ജിന്‍പിംഗിന്റെ നിര്‍ദേശം എന്നത് ശ്രദ്ധേയമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകള്‍ നടത്തുക എന്നീ കാര്യങ്ങളാണ് അദ്ദേഹം യോഗത്തില്‍ സംസാരിച്ചത്.
ഉത്തര കൊറിയയുമായുള്ള സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ദക്ഷിണ കൊറിയയില്‍ യു എസ് സ്ഥാപിച്ച മിസൈല്‍വേധ സംവിധാനം ശക്തമായ റഡാറാണെന്നും തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൈന പറയുന്നു. കഴിഞ്ഞദിവസം വന്‍ ആണവേതര ബോംബ് ചൈന വികസിപ്പിച്ചിരുന്നു. ബോംബുകളുടെ മാതാവെന്ന പേരില്‍ അറിയപ്പെടുന്ന ബോംബ് യു എസിന് മറുപടിയായിട്ടായിരുന്നു ചൈന പരീക്ഷിച്ചത്.