കേരളത്തിലേക്ക് പോകുമ്പോള്‍ സൂക്ഷിക്കണമെന്ന് പൗരന്മാര്‍ക്ക് ബ്രിട്ടന്റെ നിര്‍ദേശം

Posted on: January 5, 2019 8:29 pm | Last updated: January 6, 2019 at 12:07 am

ലണ്ടന്‍: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ തുടരുന്ന കേരളത്തിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കണമെന്ന ബ്രിട്ടണ്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ച ശേഷം മാത്രമേ കേരളം സന്ദര്‍ശിക്കാവൂവെന്നും ജനക്കൂട്ടം ഉള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ബ്രിട്ടന്റെ ഫോറീന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് നിര്‍ദേശം നല്‍കി. പൗരന്മാര്‍ക്ക് നല്‍കിയ യാത്രാ സംബന്ധമായ നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘര്‍ഷങ്ങളും മറ്റു പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിര്‍ദേശം ബ്രിട്ടണ്‍ ഇടക്കിടെ നല്‍കാറുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘ്പരിവാര്‍ സംഘടനകള്‍ സംസ്ഥാന വ്യാപകമായി ആസൂത്രിത ആക്രമണമാണ് അഴിച്ചുവിടുന്നത്. നിരവധി സ്ഥലങ്ങളില്‍ ബോംബേറും വെട്ടിപ്പരുക്കേല്‍പ്പിക്കലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ദേശീയ മാധ്യങ്ങളില്‍ നിറഞ്ഞതോടെയാണ് പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ബ്രിട്ടന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.